വംശീയ കലാപം ആളിപ്പടരുന്ന മണിപ്പൂരില്‍ നിന്നു മനസാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മേയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമാകുന്നു.
ബി ഫൈനോം ഗ്രാമം കത്തിനശിച്ചതിന് പിന്നാലെ മെയ് നാലിന് സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്‌പോക്പി ജില്ലയിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സ്ത്രീകളെ കൊണ്ടുപോകുന്നതിന് മുൻപ് രണ്ട് പുരുഷന്മാരെ അക്രമികൾ കൊലപ്പെടുത്തിയതായി തദ്ദേശീയ ഗോത്ര നേതാക്കളുടെ ഫോറം ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക പ്രതിഷേധങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.
നഗ്നരായി നടക്കുന്ന സ്ത്രീകൾ പുരുഷന്മാരോട് കരഞ്ഞ് യാചിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ പുരുഷന്മാർ സ്ത്രീകളെ നിരന്തരം ഉപദ്രവിക്കുകയാണ്. "ഒരു വലിയ മെയ്തി ആൾക്കൂട്ടം രണ്ട് കുക്കി-സോ ആദിവാസി സ്ത്രീകളെ നഗ്നരായി നെൽവയലിലേക്ക് കൂട്ടബലാത്സംഗം ചെയ്യുന്നതിനായി നടത്തിക്കുന്നതാണ് ഇന്ന് വൈറൽ ആയ വിഡിയോയിൽ കാണുന്നത്. മെയ് 4 ന് കാങ്‌പോക്പി ജില്ലയിൽ നടന്ന ദൃശ്യങ്ങളിൽ ബന്ദികളാക്കിയവരോട് കരയുകയും യാചിക്കുകയും ചെയ്യുന്ന നിരാലംബരായ സ്ത്രീകളെ നിന്ദ്യരായ ഈ പുരുഷന്മാർ നിരന്തരം പീഡിപ്പിക്കുന്നത് കാണാം,"- ഐടിഎൽഎഫ് പ്രസ്താവനയിൽ പറയുന്നു. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കുറ്റവാളികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലൂടെ നിരപരാധികളായ സ്ത്രീകൾ അനുഭവിച്ച ഭയാനതകൾ വർധിക്കുന്നു എന്നും ഐടിഎൽഎഫ് ചൂണ്ടിക്കാട്ടി.
മെയ്തി യൂത്ത് ഓർഗനൈസേഷൻ, മീതേയ് ലീപുൺ, കംഗ്ലെയ്പാക് കൻബ ലുപ്പ്, അറംബൈ ടെങ്കോൾ, വേൾഡ് മെയ്തേയ് കൗൺസിൽ, പട്ടികവർഗ്ഗ ഡിമാൻഡ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളാണ് അക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു. ബി ഫൈനോം ഗ്രാമത്തിൽ വീടുകൾ കത്തിനശിച്ചതിന് ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു അഞ്ചാംഗ സംഘത്തെയാണ് അക്രമികൾ ആക്രമിച്ചത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. പുരുഷന്മാരിൽ ഒരാളെ ജനക്കൂട്ടം ആദ്യം തന്നെ കൊലപ്പെടുത്തി. തുടർന്ന് എല്ലാ സ്ത്രീകളെയും വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. സംഘത്തിലെ 20 വയസ്സുള്ള സ്ത്രീയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മറ്റ് രണ്ട് സ്ത്രീകൾ രക്ഷപ്പെട്ടു. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ സഹോദരൻ ആക്രമണം തടയാൻ ശ്രമിക്കവേ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രമുഖർ ഉൾപ്പടെ നിരവധി പേർ ഞെട്ടൽ രേഖപ്പെടുത്തുകയും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടുകയും ചെയ്തു. നാളെ ചർച്ചന്ദ്പൂരിൽ നടക്കുന്ന പ്രതിഷേധ മാർച്ചിലും കുക്കി-സോ ആദിവാസികൾ ഈ വിഷയം ഉന്നയിക്കും.
സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മണിപ്പൂർ പോലീസ് പറഞ്ഞു . സംഭവവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തതായി പോലീസ് വ്യക്തമാക്കി. വീഡിയോ ദര്സിഗ്യങ്ങൾ പ്രചരിച്ചതോടെ പ്രമുഖരുൾപ്പടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും നിഷ്‌ക്രിയത്വം രാജ്യത്തെ എല്ലാ പൗരന്മാരെയും വേദനിപ്പിക്കുന്നതാണെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വീണ്ടും അഭ്യർത്ഥിക്കുന്നുവെന്നും ആം ആദ്മി വ്യക്തമാക്കി. മോദിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. മണിപ്പൂരിൽ വിദ്വേഷം വിജയിച്ചുവെന്നും വീഡിയോ രണ്ട് സമുദായങ്ങൾ തമ്മിൽ വലിയ വിള്ളലുണ്ടായത് കാണിക്കുന്നുവെന്നും തിപ്ര മോത നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബർമ പറഞ്ഞു.
"ഇന്ത്യയുടെ ശ്രദ്ധയ്ക്ക്, മണിപ്പൂരിൽ നിന്നുള്ള രണ്ട് ആദിവാസി സ്ത്രീകളുടെ സ്ത്രീത്വത്തെ മെയ് 4 ന് അപമാനിച്ചിരിക്കുന്നു. അവരെ നഗ്നരാക്കിയും പരസ്യമായി മർദിച്ചും ഒരു സംഘം പരേഡ് നടത്തി. ഒരു അക്രമി പകർത്തിയ അസ്വസ്ഥജനകമായ വീഡിയോ ഇന്ന് ചോർന്ന് വൈറലായി. ഇത് മാനവികതയുടെ എല്ലാ തലങ്ങളെയും തകർക്കുന്നതാണ്,” മണിപ്പൂർ സ്വദേശിയും പത്രപ്രവർത്തകനുമായ ഹോയ്‌നു ഹൗസൽ ട്വീറ്റ് ചെയ്തു .
മെയ് മൂന്നിന് മണിപ്പുരിൽ ആരംഭിച്ച കലാപത്തിന് മാസങ്ങൾ കഴിഞ്ഞിട്ടും അറുതിയായിട്ടില്ല. വംശീയ കലാപത്തിൽ 120-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യുകയും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും ചെയ്യുന്നുണ്ട്.