സ്ത്രീകൾ പോക്സോ/എസ്‌സി-എസ്‌ടി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. പണം തട്ടാനുള്ള മാർഗമായി സ്ത്രീകൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ), പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) എന്നീ നിയമങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം.
ഈ നിയമങ്ങൾ പ്രകാരം ഫയൽ ചെയ്യുന്ന പരമാവധി പരാതികളും വ്യാജമാണെന്നും ഇങ്ങനെ സംഭവിക്കുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണം കൈക്കലാക്കാനാണ് ഇത്തരം വ്യാജ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നത്. സമൂഹത്തിലെ നിരപരാധികളായ ആളുകളുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്നും കോടതി പറഞ്ഞു. ബലാത്സംഗക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു പരാമർശം.
2011ൽ നടന്ന ബലാത്സംഗ കേസിലെ പ്രതിയാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് 2019 മാർച്ചിലാണ്. സംഭവം നടന്ന എട്ട് വർഷങ്ങൾക്ക് ശേഷം എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ വന്ന കാലതാമസത്തെക്കുറിച്ച് അതിജീവിതയിൽ നിന്ന് വിശ്വസനീയമായ ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പ്രതിയുമായി സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി പെൺകുട്ടി തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. എഫ്‌ഐആറിൽ ആരോപിക്കുന്നത് പോലെ യാതൊരു സംഭവവും നടന്നിട്ടില്ലെന്നും വ്യക്തിപരമായി തകർക്കാനാണ് അതിജീവിത കള്ളക്കേസ് ഉണ്ടാക്കിയതെന്നും പ്രതി കോടതിയില്‍ വാദിച്ചു.
തുടർന്ന് എഫ്‌ഐആറിലെ ആരോപണങ്ങളും പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച മൊഴികളും കണക്കിലെടുത്ത്, സിആർപിസി 161, 164 വകുപ്പുകൾ പ്രകാരം രേഖപ്പെടുത്തിയ അതിജീവിതയുടെ മൊഴിയിൽ വസ്തുതാപരമായ വൈരുധ്യങ്ങളുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിനിരയായ ശേഷവും പെൺകുട്ടി സമ്മതപ്രകാരം പ്രതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അതിജീവിത രജിസ്റ്റർ ചെയ്ത എഫ്‌ഐആർ തെറ്റാണെന്ന് കണ്ടെത്തിയാൽ പെൺകുട്ടിക്കെതിരെ സിആർപിസി 344 വകുപ്പ് പ്രകാരം അന്വേഷണം നടത്തി ക്രിമിനൽ നടപടികൾ ആരംഭിക്കണമെന്ന് കോടതി നിർദേശിച്ചു. പെൺകുട്ടിക്ക് സംസ്ഥാനം നഷ്ടപരിഹാരമായി എന്തെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും ഗുരുതരമായ ബലാത്സംഗ ആരോപണങ്ങൾ ഉന്നയിക്കുന്നതും അനുവദിക്കാനാകില്ലെന്നും ഇത്തരമൊരു സമ്പ്രദായം കടുത്ത രീതിയിൽ നേരിടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ വ്യക്തിപരമായ തർക്കങ്ങൾ തീർക്കുന്നതിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നതിന് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.