അവിഭക്ത ഹിന്ദു കുടുംബത്തിന്റെ സ്വത്തുക്കൾ നോക്കിനടത്തുന്ന അധ്യക്ഷ പദവിയായ 'കർത്ത' ആകാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ആ സ്ഥാനത്ത് ഒരു സ്ത്രീ ത്തെത്തുന്നത് തടയാൻ ഏതെങ്കിലും നിയമനിർമ്മാണത്തിലൂടെയോ ഏതെങ്കിലും പുരാതനമായ ഹിന്ദു നിയമങ്ങൾ പ്രകാരമോ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സ്ത്രീയെ കുടുംബനാഥയായി അംഗീകരിക്കാൻ വിസമ്മതിക്കുന്നത് ചുറ്റും സംഭവിച്ചിട്ടുള്ള സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് ലഭിക്കേണ്ട അവകാശം സമൂഹത്തിന്റെ ചിന്താഗതിക്കനുസരിച്ച് ഇല്ലാതാക്കാനാകില്ലെന്നും കോടതി അടിവരയിട്ടു പറഞ്ഞു. മനു ഗുപ്ത വേഴ്സസ് സുജാത ശർമ ആൻഡ് അദേഴ്സ് എന്ന കേസിൽ നേരത്തെ സ്ത്രീകൾക്ക് 'കർത്ത' സ്ഥാനത്തെത്താൻ തടസമൊന്നുമില്ലെന്ന് പറഞ്ഞ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജസ്റ്റിസ് സുരേഷ് കുമാർ കൈത്തും നീന ബൻസാൽ കൃഷ്‌ണയുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡോ ഗുപ്തയുടെ എല്ലാ ആൺമക്കളും മരണപ്പെട്ടതോടെ കുടുംബത്തിന്റെ നേതൃത്വം ആർക്കാണെന്ന തർക്കം വന്നു. ഗുപ്തയുടെ ജീവിച്ചിരിക്കുന്ന പേരക്കുട്ടികളിൽ ഏറ്റവും മൂത്ത ആളായ സുജാത ശർമ 'കർത്ത' സ്ഥാനം അവകാശപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടാകുന്നത്. അവരുടെ വാദത്തെ എതിർത്തുകൊണ്ട് മറ്റു ബന്ധുക്കൾ രംഗത്തെത്തി. മനു ഗുപ്ത എന്നൊരാൾ താനാണ് അടുത്ത കുടുംബനാഥൻ എന്നവകാശപ്പെട്ട് മുന്നോട്ടുവരികയും ചെയ്തു.
ഡിസംബർ നാലിന് കോടതി നടത്തിയ പരാമർശത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ അനന്തരാവകാശം നൽകുന്നതിനായി 2005ൽ തന്നെ ഹിന്ദു സക്സഷൻ ആക്ട് ഭേദഗതി ചെയ്തതായി അറിയിച്ചു. അനന്തരാവകാശത്തിൽ സ്ത്രീക്ക് തുല്യപ്രതിനിധ്യമുണ്ട് എന്നതുകൊണ്ട് 'കർത്ത' സ്ഥാനത്തേക്കെത്താനും, ഭാഗം വയ്ക്കാത്ത കുടുംബസ്വത്തുക്കൾ നിയന്ത്രിക്കാനുമുള്ള അവകാശം സ്ത്രീക്കുണ്ടോയെന്ന ചോദ്യമാണ് കോടതി പിന്നീട് പരിഗണിച്ചത്. പ്രായത്തിൽ മൂത്ത ആളായിരിക്കണം എന്നതും അനന്തരാവകാശിയായിരിക്കണം എന്നതും മാത്രമാണ് 'കർത്ത' സ്ഥാനത്തെത്താനുള്ള യോഗ്യതയെന്ന് കോടതി വ്യക്തത വരുത്തി.
പുരാതന ഹിന്ദു നിയമങ്ങളിൽ അനന്തരാവകാശിയായി വരുന്നയാൾ ഏറ്റവും മുതിർന്ന പുരുഷനായിരിക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് 1956ൽ പുറത്തിറക്കിയ ഹിന്ദു പിന്തുടർച്ചാ നിയമത്തിലെ ആറാം വകുപ്പ് ഭേദഗതിചെയ്‌തുകൊണ്ട് പരിഹരിച്ചിട്ടുള്ളതാണെന്നും സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണെന്നതുകൊണ്ട് 'കർത്ത' സ്ഥാനം ഉൾപ്പെടെ സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്ന് കോടതി എടുത്തുപറഞ്ഞു.