വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ല്‍ രാജ്യസഭ പാസാക്കിയ ബില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയ ശേഷം ബുധനാഴ്ച അവതരിപ്പിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്നതാണ് പ്രസ്തുത വനിതാ സംവരണ ബില്‍.
അഞ്ച് ദിവസം നീളുന്ന പാർലമെന്‍റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിസഭ യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ മന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടാകാറുള്ള പതിവ് വാര്‍ത്താസമ്മേളനം ഉണ്ടായിരുന്നില്ല.
മന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടാകാറുള്ള പതിവ് വാര്‍ത്താസമ്മേളനം ഉണ്ടായിരുന്നില്ല
പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് നല്‍കിയിരുന്നു. സമ്മേളനത്തിൽ വനിത സംവരണ ബിൽ കൊണ്ടുവരണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. അദാനി ഓഹരി തട്ടിപ്പ്, മണിപ്പൂര്‍ വിഷയം എന്നിവയും പ്രത്യേക പാർലമെന്‍റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ നിയമനത്തിനുള്ള വിവാദ ബില്‍ ഇത്തണ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല.