ഹരിയാനയില്‍ മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ പീഡനശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഫതേബാദ് ജില്ലയില്‍ ആണ് സംഭവം. ട്രെയിന്‍ ടൊഹാന സ്റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയെ ഒറ്റയ്ക്ക് കണ്ട യുവതിയുടെ ഭര്‍ത്താവ് മകനില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
യുവതി ബോഗിയില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ യുവാവ് ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. അക്രമം എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് ശേഷം യുവാവും പുറകെ ചാടുകയായിരുന്നുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് പോലീസ് പ്രതിയായ സന്ദീപിനെ കണ്ടെത്തി. ട്രെയിനില്‍ നിന്ന് ചാടിയ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണെന്നും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
കുറച്ചു നാളുകളായി റൊഹ്തക്കില് താമസിക്കുകയായിരുന്ന യുവതി വ്യാഴാഴ്ച ടൊഹാനയിലേക്ക് പോകുമ്പോഴായിരുന്നു ദാരുണ സംഭവം. രാത്രി മുഴുവനും പോലീസും യുവതിയുടെ കുടുംബവും റെയില്‍വേ ട്രാക്കില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുട്ടായതിനാല്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
റെയില്‍വെ പോലീസ് രാത്രിയില്‍ കോച്ചുകള്‍ പരിശോധിക്കേണ്ടതായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ടൊഹാന റെയില്‍വെ പോലീസ് സബ് ഇന്‍സ്പക്ടര്‍ വ്യക്തമാക്കി.