INDIA

വനിതാ സംവരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കണം; കോൺഗ്രസ് നേതാവ് ജയാ താക്കൂർ സുപ്രീംകോടതിയിൽ

മണ്ഡല പുനർനിർണയം നടക്കുന്നവരെ ഒരു സാധുതയുമില്ലാത്ത നിയമമായി ഇത് മാറുമെന്നും നടപ്പാക്കുന്നത് ഇനിയും വൈകിക്കാൻ പാടില്ലെന്നുമാണ് ഹർജിയിലെ ആവശ്യം

വെബ് ഡെസ്ക്

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വനിതാസംവരണ ബിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ സുപ്രീംകോടതിയിൽ. സ്ത്രീകൾക്ക് പാർലമെന്റിലേക്കും നിയമസഭകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ സെപ്റ്റംബർ 19 നാണ് ലോക്‌സഭ പാസാക്കിയ്നത്. തൊട്ടടുത്ത ദിവസം രാജ്യസഭയിലും ബിൽ പാസായി.

മണ്ഡല പുനർനിർണയം നടക്കുന്നവരെ ഒരു സാധുതയുമില്ലാത്ത നിയമമായി ഇത് മാറുമെന്നും ആ അവസ്ഥയില്ലാതാക്കേണ്ടത് അനിവാര്യമാണെന്നും ഡോ. ജയ താക്കൂറിന്റെ ഹർജിയിൽ പറയുന്നു. ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരുടെ പ്രാതിനിധ്യം. 75 വർഷങ്ങളായി അത് ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടില്ലെന്നും ഇനിയും വൈകിക്കാൻ പാടില്ലെന്നും ഹർജിയിൽ പറയുന്നു.

ഭരണഘടനയുടെ 103-ാംം ഭേദഗതിയുടെ ഭാഗമായാണ് പാർലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും മൂന്നിലൊന്ന് സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്യണം എന്ന നിയമമുണ്ടാകുന്നത്. പട്ടികജാതി പട്ടികവർഗ സീറ്റുകളിലും ആനുപാതികമായി സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്യണം എന്നുമുണ്ട്. എന്നാൽ നിയമം നടപ്പിലാകണമെങ്കിൽ പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം പൂർത്തിയാക്കണമെന്നതുകൊണ്ട്, നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഇനിയും ഒരുപാട് കാലതാമസമുണ്ടാകും. ബില്ലിൽ ചർച്ച നടക്കുമ്പോൾ തന്നെ പാർലമെന്റിൽ സോണിയ ഗാന്ധിയും മഹുവ മൊയിത്രയും ഉൾപ്പെടെയുള്ള നേതാക്കൾ ഇതൊരു പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു.

ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരുടെ പ്രാതിനിധ്യം. കഴിഞ്ഞ 75 വർഷങ്ങളായി അത് ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചിട്ടില്ലെന്നും, ഇനിയും വൈകിക്കാൻ പാടില്ലെന്നും ഡോ ജയാ താക്കൂർ

മണ്ഡല പുനർനിർണയം ആരംഭിക്കണമെങ്കിൽ ഇനിയും നടക്കാത്ത 2021 ലെ സെൻസസ് നടക്കണം. സെൻസസ് നടന്നാൽ തന്നെ അതിന്റെ ക്രോഡീകരിച്ച വിവരങ്ങൾ പുറത്തുവരാൻ പിന്നെയും സമയമെടുക്കുമെന്നതുകൊണ്ട് തന്നെ മണ്ഡല പുനർനിർണയം സാധ്യമാകുന്നത് എപ്പോഴായിരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സെൻസസ് നടത്താൻ സാധിക്കില്ല എന്നുറപ്പാണ്. മാത്രമല്ല, സെൻസസ് പൂർത്തീകരിക്കൽ ഒരുപാട് സമയം എടുക്കുന്ന കാര്യമായതുകൊണ്ടുതന്നെ കേന്ദ്രം ഉടൻ സെൻസസ് നടപടികൾ ആരംഭിച്ചില്ലെങ്കിൽ 2029 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തേക്ക് പോലും വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

വനിതാ സംവരണത്തിൽ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടില്ലെന്നത് ഒരു പ്രധാന പ്രശ്നമായി പാർലമെന്റിൽ തന്നെ ഉയർന്നു വന്നിരുന്നു. എസ് സി / എസ്ടി, വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ 33 ശതമാനം സ്ത്രീകൾക്ക് നൽകുകയെന്നതിന് പകരം, ഇപ്പോൾ വിഭാവനം ചെയ്യുന്ന വനിതാ സംവരണത്തിൽ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ആനുപാതികമായി പ്രാതിനിധ്യം നൽകുകയാണ് വേണ്ടതെന്നായിരുന്നു പ്രതിപക്ഷ എംപിമാർ സഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ അത് സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം