INDIA

11 മണിക്കൂർ തൊഴിലും ആറ് മണിക്കൂർ വീട്ടുജോലികളും; ഇന്ത്യയിലെ സ്ത്രീകൾ വിശ്രമിക്കുന്നത് ഏഴ് മണിക്കൂർ മാത്രം!

വെബ് ഡെസ്ക്

മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പൂനെയിൽ മരിച്ച സംഭവം ഇന്ത്യയിലെ തൊഴിൽ സംസ്കാരം സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. അമിത ജോലിഭാരം മൂലമാണ് മകൾ മരിച്ചതെന്നായിരുന്നു അന്നയുടെ മാതാപിതാക്കളുടെ ആരോപണം. പിന്നാലെ തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കണക്കിലെടുക്കാതെ മോശം തൊഴിൽസാഹചര്യങ്ങൾ സൃഷ്ടിച്ച് ഒടുവിൽ മരണത്തിലേക്ക് വരെ തള്ളിനീക്കുന്ന അനുഭവങ്ങളുമായി നിരവധിപേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വന്നത്.

ഒപ്പം വർധിച്ചുവരുന്ന ഈ ജോലിഭാരം പുരുഷമേധാവിത്വ ചുറ്റുപാടിൽ ജോലിചെയ്യുന്ന സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്ന തലത്തിലേക്കും ചർച്ച നീളുന്നു. ഇന്ത്യയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സാഹചര്യങ്ങൾ പുരുഷന്മാരേക്കാൾ മോശമാണെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അന്ന ജോലി ചെയ്തതിന് സമാനമായ മേഖലയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്നത് ഇന്ത്യയിലെ സ്ത്രീകളാണെന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു.

ഐടി പ്രൊഫഷണലുകളും പത്രപ്രവർത്തകരും ഉൾപ്പെടുന്ന ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ജോലികളിലെ ഇന്ത്യൻ വനിതാ തൊഴിലാളികൾ, 2023-ൽ എല്ലാ ആഴ്ചയും 56.5 മണിക്കൂർ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ജോലികളെ സംബന്ധിച്ച് ഈ സമയം വളരെ കൂടുതലാണ്. അഞ്ച് ദിവസമാണ് ജോലിയെങ്കിൽ, ഒരു ദിവസം ഇവർ 11 മണിക്കൂർ വരെ ജോലി ചെയ്യണം. ആറ് ദിവസമാണെങ്കിൽ ഒരു ദിവസം 9 മണിക്കൂർ ജോലി ചെയ്യണം. ഇന്ത്യയിൽ പ്രൊഫഷണൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആഴ്ചയിൽ 53.2 മണിക്കൂർ ജോലി ചെയ്യുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയിൽ ഒരു വനിതാ അധ്യാപിക ആഴ്ചയിൽ 46 മണിക്കൂർ ജോലി ചെയ്യുന്നു.

കണക്കുകൾ പ്രകാരം തൊഴിലെടുക്കുന്ന സ്ത്രീകൾ ചിലവഴിക്കുന്നതിനേക്കാൾ കുറവ് സമയമാണ് തൊഴിലെടുക്കാത്ത പുരുഷന്മാർ പോലും വീട്ടുജോലികൾക്കായി ചിലവഴിക്കുന്നത്.

എന്നാൽ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളിൽ, ഈ തൊഴിലുകൾക്ക് പുറമെ അവർക്ക് വീടുകളിലെ ജോലികൾ കൂടി ചെയ്യേണ്ടിവരുന്നെന്നാണ് ഈ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ജോലിസ്ഥലങ്ങളിൽ കൂടുതൽ നേരം ചിലവഴിക്കേണ്ടിവരികയും സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുമ്പോഴും വീട്ടുജോലികളിൽ നിന്ന് അവർക്ക് ഒഴിവാക്കാൻ പറ്റുന്നില്ല. സ്ത്രീകൾ ജോലി ചെയ്യുന്നതിനെ കുടുംബങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇത്തരം ജോലികളിൽ നിന്ന് അവരെ മാറ്റിനിർത്താൻ തയ്യാറാകുന്നില്ല. അതിനാൽ വേതനം ലഭിക്കുന്ന ജോലികൾക്കൊപ്പം വേതനമില്ലാത്ത വീട്ടുജോലികളിലും സ്ത്രീകൾ മണിക്കൂറുകൾ ചിലവഴിക്കേണ്ടിവരുന്നു.

ഇന്ത്യയിലെ മറ്റു തൊഴിലുകൾ എടുക്കാത്ത സ്ത്രീകൾ തങ്ങളുടെ ദിവസത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് വീട്ടുജോലികൾ ചെയ്യാനും വീട്ടിലുള്ളവരെ പരിചരിക്കാനുമാണ്. ദിവസത്തിൽ 8 മണിക്കൂറോളം സമയം അവർ ഇതിനായി ചിലവഴിക്കുന്നു. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീകൾ വീട്ടുജോലിക്കായി മാറ്റിവെക്കുന്ന സമയവും ഇതിൽ നിന്ന് ഒട്ടും കുറവല്ല. സ്വന്തം തൊഴിലിന് പുറമെ ഏകദേശം 6 മണിക്കൂറോളം സമയം ഇവർ വീട്ടുജോലികൾക്കായി മാറ്റിവെക്കുന്നു. അങ്ങനെ പരിശോധിക്കുമ്പോൾ സ്ത്രീകൾക്ക് ആകെ ലഭിക്കുന്ന വിശ്രമ സമയം ഏഴ് മുതൽ പത്ത് മണിക്കൂർ വരെയാണ്. ഇന്ത്യൻ സാമൂഹ്യചുറ്റുപാടിൽ നടന്നുകൊണ്ടിരിക്കുന്ന ആശങ്കയുണർത്തുന്ന രീതികളെയാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പുരുഷന്മാരും സ്ത്രീകൾക്ക് സമാനമായി 9 മുതൽ 11 മണിക്കൂർ വരെ ദിവസവും തൊഴിലിനായി ചിലവഴിക്കുന്നുണ്ട്. എന്നാൽ കണക്കുകൾ പ്രകാരം തൊഴിലെടുക്കുന്ന സ്ത്രീകൾ ചിലവഴിക്കുന്നതിനേക്കാൾ കുറവ് സമയമാണ് തൊഴിലെടുക്കാത്ത പുരുഷന്മാർ പോലും വീട്ടുജോലികൾക്കായി ചിലവഴിക്കുന്നത്. യാത്രയ തൊഴിലും ചെയ്യാത്ത പുരുഷന്മാർ മൂന്നര മണിക്കൂർ മാത്രമാണ് വീട്ടു ജോലികൾ ചെയ്യുന്നത്. തൊഴിലെടുക്കുന്ന പുരുഷന്മാർ രണ്ടര മണിക്കൂറാണ് വീട്ടുജോലികളിൽ ഏർപ്പെടുന്നത്. തൊഴിലെടുക്കുന്ന സ്ത്രീകൾ ചിലവഴിക്കുന്നതിനേക്കാൾ മൂന്ന് മണിക്കൂർ കുറവ്.

വീട്ടുജോലികൾ കൈകാര്യം ചെയ്യുന്നതിൽ വിവാഹം ഒരു പ്രധാനഘടകമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹിതയായ സ്ത്രീ - മറ്റു തൊഴിലുകൾ എടുക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും എട്ട് മണിക്കൂർ വീട്ടുജോലിക്കായി ചിലവഴിക്കുന്നു. വിവാഹിതയല്ലാത്ത സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുന്ന സമയത്തേക്കാൾ രണ്ടിരട്ടി കൂടുതൽ ആണത്. ഇതിൽ നിന്ന് നേർവിപരീതമാണ് പുരുഷന്മാരുടെ സമയക്രമം.അവിവാഹിതരായ പുരുഷന്മാർ 3.1 മണിക്കൂർ സമയവും വിവാഹിതരായ പുരുഷന്മാർ 2.8 മണിക്കൂർ സമയവുമാണ് വീട്ടുജോലികൾക്കായി ഉപയോഗിക്കുന്നത്. ചുരുക്കത്തിൽ വിവാഹശേഷം സ്ത്രീകളുടെ വീട്ടുജോലികൾ വർധിക്കുകയും പുരുഷന്മാരുടേത് കുറയുകയും ചെയ്യുന്നു.

ഗ്രാമീണ- നഗര പ്രദേശങ്ങൾ തിരിച്ചുള്ള കണക്കുകളിലോ, ഭൂപ്രദേശങ്ങൾ തിരിച്ചുള്ള കണക്കുകളിലോ മേൽ പറഞ്ഞ കണക്കുകളിൽ നിന്ന് വലിയ വ്യത്യാസം കാണാനില്ല. മിക്ക സംസ്ഥാനങ്ങളിൽ സ്ത്രീകൾ 85 % സ്ത്രീകളും വീട്ടിലെ ജോലികൾ ചെയ്യുമ്പോൾ പുരുഷന്മാരുടെ പങ്കാളിത്തം 50 % ത്തിൽ താഴേയാണ്. ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പുരുഷന്മാരുടെ വീട്ടുജോലിയിലെ വിഹിതം 20% ത്തിൽ താഴെയാണ്.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്