സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് ആരാണ് കത്തുകള്‍ അയയ്ക്കുക? സംശയം സ്വഭാവികം. എന്നാല്‍, മാറിയ കാലത്തിനൊപ്പം ഓടിയെത്താത്ത നിരവധി ഗ്രാമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്ക് ആശ്രയം പോസ്റ്റ് ഓഫീസുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാല്‍ സേവനവും ഇന്ത്യയിലേതാണ്. ഹിമാചല്‍ പ്രദേശില്‍, സ്പിറ്റിവാലിയിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ ഹിക്കിം എന്നൊരു ഗ്രാമമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 14,567 അടി (4440 മീറ്റര്‍) ഉയരത്തിലാണ് ഹിക്കിം. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് സ്ഥാനമേയില്ല. ഇവിടത്തെ ജനങ്ങള്‍ ഇപ്പോഴും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് അക്ഷരങ്ങളാണ്, കത്തുകളാണ്. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് എന്ന വിശേഷണവും ഹിക്കിമിന് സ്വന്തം.
മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളൊന്നും ഇല്ലാത്ത ഹിക്കിമിലെയും പരിസര ഗ്രാമങ്ങളിലേയും ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് കത്തുകളാണ്. 1983 നവംബര്‍ 5 മുതല്‍ ലോകത്തിന്റെ നെറുകയില്‍ നിന്ന്, 172114 പിന്‍കോഡ് പതിച്ച കത്തുകള്‍ പ്രീയപ്പെട്ടവരെ തേടി എത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തപാല്‍ ഓഫീസ് എന്ന റെക്കോഡും സ്വന്തം. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലെറ്റര്‍ ബോക്‌സിന്റെ മാതൃകയില്‍ പോസ്റ്റ് ഓഫീസും തപാല്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് സ്പിറ്റിവാലിയുടെ മനോഹര ദൃശ്യങ്ങളടങ്ങുന്ന പോസ്റ്റ് കാര്‍ഡുകള്‍ പ്രീയപ്പെട്ടവര്‍ക്കായി അയയ്ക്കാം.' ലോകത്തിലെ ഏറ്റവും ഉയരമുള്ള പോസ്‌റ്റ് ഓഫീസില്‍ നിന്നും വരുന്ന കത്ത്' എന്ന രേഖപ്പെടുത്തലും കാര്‍ഡിലുണ്ടാകും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസില്‍ നിന്നും അയയ്ക്കുന്ന കത്തുകള്‍ എല്ലായ്പ്പോഴും കിട്ടില്ല. വര്‍ഷത്തില്‍ ആറ് മാസത്തോളം പോസ്റ്റ് ഓഫീസിന് അവധിയാണ്. ഗ്രാമം മഞ്ഞുമൂടുന്ന നാളുകളില്‍ ഓഫീസ് അടഞ്ഞുകിടക്കും. മഞ്ഞുരുകിയ ശേഷമാണ് ഇവിടേക്കുള്ള റോഡുകള്‍ തുറക്കുക. അതിനാല്‍, ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ മാത്രമാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുക.
1983 മുതല്‍ റിഞ്ചന്‍ ഷെറിന്‍ എന്ന പോസ്റ്റ്മാനാണ് ഹിക്കിം പോസ്‌റ്റോഫീസില്‍ സേവനമനുഷ്ഠിക്കുന്നത്. കഴിഞ്ഞ 39 വര്‍ഷമായി ഹിക്കിമിനെ ലോകവുമായി ബന്ധിപ്പിക്കുന്നത് റിഞ്ചനാണെന്നും പറയാം. രണ്ട് അഞ്ചലോട്ടക്കാര്‍ നടന്നാണ് ദിവസവും രാവിലെ കത്തുകള്‍ ഹിക്കിമില്‍ നിന്നും ഖാസയിലേക്ക് എത്തിക്കുന്നത്. അവിടെ നിന്ന് ബസ് വഴി റോക്കോംഗ് പിയോയില്‍ നിന്ന് ഷിംലയിലേക്കും ട്രെയിന്‍ മാര്‍ഗം കല്‍ക്കട്ടയിലും എത്തിക്കുന്നു. പിന്നീട് ബസ് വഴി ഡല്‍ഹിയിലേക്കും തുടര്‍ന്ന് ട്രെയിന്‍ വഴിയോ വിമാനം വഴിയോ മേല്‍വിലാസത്തിലേക്ക് എത്തിക്കും.
ഹിക്കിം അയല്‍ ഗ്രാമങ്ങളായ ലാങ്സ, ചിച്ചും, ഡെമുല്‍, കൗമിക് എന്നിവിടങ്ങളിലെയും ജനങ്ങള്‍ക്ക് കത്തിടപാടുകള്‍ നടത്താനാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് മഞ്ഞില്‍ മൂടിയ ഈ ഗ്രാമത്തിന്റെ ഉയരങ്ങളില്‍ ഒരു പോസ്റ്റ് ഓഫീസ് ആരംഭിച്ചത്. എന്നാല്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളിലൂടെ പല രാജ്യങ്ങളിലും ഹിക്കിമില്‍ നിന്നുള്ള കത്തുകളെത്തുന്നു. പോസ്റ്റ് ഓഫീസിന്റെ ചിത്രവും, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കത്ത് എന്ന കുറിപ്പും അതിനൊപ്പം ലോകമെങ്ങും എത്തുന്നു. വിവര സാങ്കേതികവിദ്യയുടെ പുതുയുഗത്തില്‍, മനുഷ്യന്‍ ആശയവിനിമയത്തിന് പുതിയ സാധ്യതകള്‍ തേടുമ്പോഴാണ് ദൂരവും അതിരുകളും താണ്ടി ഹിക്കിമില്‍ നിന്നുള്ള കത്തുകള്‍ മേല്‍വിലാസക്കാരനെ തേടിയെത്തുന്നത്. ഒളിഞ്ഞിരിക്കുന്ന ഗൃഹാതുരത്വമോ കൗതുകമോ ഒക്കെയാണ് ആ കത്തുകളെ സവിശേഷമാക്കുന്നത്.