INDIA

''അമിത് ഷായുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ല, സമരം തുടരും'':ബജ്‌റംഗ് പുനിയ

നീതിക്കായുള്ള സമരത്തിന് സർക്കാർ ജോലി ഒരു തടസമാണെങ്കില്‍ ജോലി ഉപേക്ഷിക്കാൻ ഞങ്ങള്‍ തയ്യാറാണ്

വെബ് ഡെസ്ക്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഗുസ്തിതാരം ബജ്‌റംഗ് പുനിയ. നീതി ലഭിക്കും വരെ സമരം തുടരുമെന്നും പുനിയ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയെ കണ്ട് ഗുസ്തിതാരങ്ങള്‍ കരാറുണ്ടാക്കിയെന്ന വാര്‍ത്ത തെറ്റാണ്. അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ തന്നെയാണ് തങ്ങളോട് ആവശ്യപ്പെട്ടത് എന്നാല്‍, അവര്‍തന്നെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും പുനിയ കുറ്റപ്പെടുത്തി.

സമരത്തില്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ അത്ലറ്റുകള്‍ ഒട്ടും തൃപ്തരല്ല

സമരത്തില്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ അത്ലറ്റുകള്‍ ഒട്ടും തൃപ്തരല്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല പുനിയ കൂട്ടിച്ചേര്‍ത്തു. ഇത്രയേറെ പ്രക്ഷോഭം നടന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്തതെന്ന് ചോദിച്ച ബജ്‌റംഗ് പുനിയ വാഗ്ദാനങ്ങളുടെ പുറത്ത് സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറാവില്ലെന്നും വ്യക്തമാക്കി. എന്‍ഡിടിവിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ശനിയാഴ്ച കേന്ദ്രമന്ത്രി അമിത്ഷായുമായി ബജ്‌റംഗ് പുനിയ അടക്കമുള്ള ഗുസ്തിതാരങ്ങള്‍ കൂടികാഴ്ച നടത്തിയിരുന്നു

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച കേന്ദ്രമന്ത്രി അമിത് ഷായുമായി ബജ്‌റംഗ് പുനിയയുടെ നേതൃത്വത്തിൽ ഗുസ്തിതാരങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടികാഴ്ച. രാത്രി ഏകദേശം 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവർത് കാഡിയൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇക്കാര്യം പുനിയതന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍, കൂടികാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടതായും പുനിയ വ്യക്തമാക്കിയിരുന്നു.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നിഷ്പക്ഷമായ അന്വേഷണവും ദ്രുത നടപടിയും വേണമെന്ന് ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഗുസ്തി താരങ്ങൾ അമിത് ഷായെ കണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞതായി ഗുസ്തി താരങ്ങൾ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ