വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്ത് താരങ്ങൾ. നുണപരിശോധനാ ടെസ്റ്റിന് വിധേയരാക്കാൻ തയ്യാറാണെന്ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വിനേഷ് ഫോഗട്ട് പറഞ്ഞു. തനിക്കെതിരെ പ്രതിഷേധിക്കുന്ന താരങ്ങൾ നുണ പരിശോധനയ്ക്ക് തയ്യാറാകുകയാണെങ്കിൽ താനും അതിന് സമ്മതിക്കാമെന്ന് കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.
ബ്രിജ് ഭൂഷൺ രണ്ടാളുകളോടാണ് നാർകോ ടെസ്റ്റിന് വിധേയരാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരായ ഏഴുപേരും അതിന് തയ്യാറാണ്ബജ്റങ് പുനിയ
"വിനേഷ് ഫോഗട്ട് മാത്രമല്ല, പരാതി നൽകിയ എല്ലാ പെൺകുട്ടികളും നാർക്കോ ടെസ്റ്റിന് വിധേയരാകാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷണിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലൈവായി വേണം പരിശോധന നടത്താൻ. രാജ്യത്തിന്റെ പെൺമക്കളോടുള്ള അയാളുടെ ക്രൂരത രാജ്യം മുഴുവൻ അങ്ങനെ ചെയ്താൽ അറിയും' വിനേഷ് ഫോഗട്ട് പറഞ്ഞു.
നാർകോ ടെസ്റ്റ് നടത്താൻ ഗുസ്തി താരങ്ങൾ നേരത്തെ തന്നെ സമ്മതം അറിയിച്ചതാണെന്ന് ബജ്‌റങ് പുനിയ പറഞ്ഞു. എന്നാൽ ടെസ്റ്റ് നടത്തുന്നത് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കണം. കൂടാതെ പരിശോധന രാജ്യം മുഴുവൻ ലൈവായി പ്രക്ഷേപണം ചെയ്യണമെന്നും താരം പറഞ്ഞു.
ബ്രിജ് ഭൂഷൺ രണ്ടാളുകളോടാണ് നാർകോ ടെസ്റ്റിന് വിധേയരാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരായ ഏഴുപേരും അതിന് തയ്യാറാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബ്രിജ് ഭൂഷണിന്റെ ലക്ഷ്യമെന്നും പുനിയ ആരോപിച്ചു.
രണ്ട് ഗുസ്തിക്കാരും ടെസ്റ്റ് നടത്താൻ തയ്യാറാണെങ്കിൽ അറിയിച്ചാൽ മതിയെന്ന് ഞായറാഴ്ച ബ്രിജ് ഭൂഷൺ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ താനും നുണപരിശോധനയ്ക്ക് വിധേയനാകുമെന്നായിരുന്നു ഗുസ്തി ഫെഡറേഷൻ അധ്യക്ഷന്റെ വെല്ലുവിളി.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഈ മാസം 28ന് പാർലമെന്റിന് പുറത്ത് മഹിളാ പഞ്ചായത്ത് നടത്തുമെന്ന് കഴിഞ്ഞ ദിവസം താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ''ഒരു മിനിറ്റിൽ പരിഹരിക്കാവുന്ന പ്രശ്‌നത്തിൽ മാസങ്ങളായിട്ടും നടപടിയില്ല, ഞങ്ങളുടെ മത്സരങ്ങളും പരിശീലനങ്ങളുമെല്ലാം നഷ്ടമായി, ഒരുപാട് കഷ്ടപ്പെട്ടു'' -വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പറഞ്ഞു.
മെയ് 23ന് ഇന്ത്യാ ഗേറ്റിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ബജ്റംഗ് പുനിയ പറഞ്ഞിരുന്നു. ഏപ്രിൽ 23 മുതൽ ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധത്തിലാണ്.