ഗുസ്തി താരങ്ങള്‍ വീണ്ടും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരമുഖത്ത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ കൂടി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ പ്രതിഷേധം.
ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും മറ്റ് പരിശീലര്‍ക്കുമെതിരെ ഈ വര്‍ഷമാദ്യം ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല. പിന്നാലെയാണ് ഇപ്പോള്‍ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കിയത്. ഇതിലും തുടര്‍നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധത്തിന് തുടക്കമിട്ടത്. പുതിയ പരാതിക്കാരിൽ ഒരാൾ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയാണ്.
''കഴിഞ്ഞ മൂന്ന് മാസമായി കായിക മന്ത്രിയുൾപ്പെടെയുള്ളവരെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നാൽ ഞങ്ങളുടെ ഫോൺ പോലും അവർ എടുക്കുന്നില്ല. ഞങ്ങൾ രാജ്യത്തിനായി കരിയർ പണയപ്പെടുത്തി മെഡലുകൾ നേടി. നീതി ലഭിക്കുന്നത് വരെ ഞങ്ങൾ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കും, ഇവിടെ തന്നെ കിടന്നുറങ്ങും'' - സമരക്കാര്‍ പറയുന്നു.
ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ ഇനി രാജ്യതലസ്ഥാനത്തെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. പരാതികളില്‍ ഇതുവരെയും പ്രഥമ വിവര റിപ്പോർട്ട് പോലും ഫയൽ ചെയ്തിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് പറയുന്നു.
ഗുസ്തി താരങ്ങളുടെ പ്രശ്നത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കത്തതില്‍ നിരാശയുണ്ടെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബോകിസിങ് താരം എംസി മേരി കോമിന്റെ നേതൃത്വത്തിൽ കായിക മന്ത്രാലയം ജനുവരി 23ന് ഒരു അഞ്ചംഗ മേൽനോട്ട സമിതി രൂപീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. പിന്നീട് ഇതിന്റെ സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയും പ്രതിഷേധക്കാരുടെ സമ്മർദത്തെ തുടർന്ന് ഗുസ്തി താരം ബബിത ഫോഗട്ടിനെ അന്വേഷണ പാനലിലെ ആറാമത്തെ അംഗമായി ചേർക്കുകയും ചെയ്തു. ഏപ്രിൽ ആദ്യവാരത്തോടെ സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും കായിക മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
എന്നാൽ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക ആരോപണങ്ങൾ സമതി റിപ്പോര്‍ട്ടില്‍ ശരിവയ്ക്കുന്നില്ലെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങൾ. പ്രധാനമന്ത്രിയിൽ വിശ്വാസമുള്ളതിനാൽ നിയമപരമായ വഴിയിലൂടെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗുസ്തി താരങ്ങള്‍ നേരത്തെ നിലപാടെടുത്തിരുന്നു. എന്നാല്‍ സർക്കാർ വേണ്ട നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒളിമ്പ്യൻ ബബിത ഫോഗട്ടിന്റെ മധ്യസ്ഥതയിൽ കായിക മന്ത്രാലയത്തിൽ നടന്ന ചർച്ചകളിൽ തൃപ്തരല്ലെന്ന് സമരക്കാര്‍ പറഞ്ഞു. നേരത്തെ കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഗുസ്തി താരങ്ങളെ കാണുകയും ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ശരിവയ്ക്കുകയും ചെയ്തിരുന്നു.
അതിനിടെ വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. രണ്ട് ദിവസം മുമ്പ് ഡൽഹി പോലീസിന് രേഖാമൂലം പരാതി നൽകിട്ടും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പരാതിക്കാരായ ഗുസ്തി താരങ്ങള്‍ കമ്മീഷനിൽ പരാതിപ്പെട്ടിരുന്നു.