INDIA

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

ജൂണ്‍ 15നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ബജ്റംഗ് പുനിയ

വെബ് ഡെസ്ക്

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങള്‍. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ മുന്‍നിരയില്‍ നിന്ന് നയിക്കുന്ന സാക്ഷി മാലിക്കാണ് താരങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സോനിപത്തില്‍ നടത്തുന്ന ഖാപ്പ് പഞ്ചായത്തിനോട് അനുബന്ധിച്ചാണ് സാക്ഷി മാലിക് നിലപാട് അറിയിച്ചത്.

''ഞങ്ങളുന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത നിലയിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഓരോ ദിവസവും ഞങ്ങള്‍ കടന്നുപോകുന്നത്'' - സാക്ഷി മാലിക് പറഞ്ഞു. ഖാപ് പഞ്ചായത്തില്‍ സാക്ഷിക്ക് പുറമെ ബജ്റംഗ് പുനിയ, സത്യവ്രത് കഡിയന്‍, ഭര്‍ത്താവ് സോംവീര്‍ രതി എന്നിവരും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കായിക മന്ത്രിയുടെ വാഗ്ദാന പ്രകാരം ജൂണ്‍ 15-നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് ബജ്റംഗ് പുനിയ വ്യക്തമാക്കി.

അതിനിടെ, ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണത്തിനിടെ പോലീസിന്റെ ഇടപെടല്‍ ആശങ്കയുണ്ടാക്കിയെന്ന് സംഗീത ഫോഗട്ട് പ്രതികരിച്ചു. ഡല്‍ഹിയിലെ അശോക റോഡിലെ എംപിയുടെ വസതിയിലായിരുന്നു സംഗീത ഫോഗട്ടിനെ പരാതി വിശദീകരിക്കാനായി കൊണ്ടുവന്നത്. എന്നാല്‍ അന്വേഷണം നടക്കുന്ന സമയത്ത് വസതിയില്‍ ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു എന്നാണ് സംഗീത ഫോഗട്ടിന്റെ വെളിപ്പെടുത്തല്‍. താരത്തിന്റെ പരാതിയും എഫ്ഐആറും അനുസരിച്ച് ബ്രിജ് ഭൂഷണ്‍ ശരൺ സിങ് 2019ല്‍ ഇതേ ഓഫീസില്‍ വച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. തെളിവെടുപ്പ് സമയത്ത് ബ്രിജ് ഭൂഷന്റെ സാമീപ്യം ഭയമുണ്ടാക്കിയതായും താരം വ്യക്തമാക്കി.

'' പോലീസിനോട് അവിടെ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ ആരും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് ബ്രിജ് ഭൂഷണ്‍ അവിടെ ഉണ്ടെന്ന് മനസിലാക്കി. സംഭവത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബ്രിജ്ഭൂഷണ്‍ അകത്ത് ഉറങ്ങുകയായിരുന്നു എന്നാണ് പറഞ്ഞത്. കേസില്‍ അയാള്‍ പ്രതിയായതിനാലും അയാള്‍ക്കെതിരെ എഫ്ഐആര്‍ ഉള്ളതിനാലും ബ്രിജ് ഭൂഷണിന്റെ സാമീപ്യം ഒരുപാട് ആശങ്കയുണ്ടാക്കി'' - താരം ആരോപിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ