INDIA

രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും; ഗുസ്തി താരങ്ങൾ കടുത്ത പ്രതിഷേധത്തിലേക്ക്

വൈകിട്ട് ആറ് മണിക്ക് ഹരിദ്വാറിൽ ഒത്തുചേര്‍ന്നാകും മെഡലുകൾ ഗംഗയിൽ ഒഴുക്കുക

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ചയിലെ പോലീസ് നടപടിക്കെതിരെയും കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കാൻ ഗുസ്തി താരങ്ങള്‍. രാജ്യത്തിന് വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗയിൽ ഒഴുക്കി താരങ്ങൾ പ്രതിഷേധിക്കും. വൈകിട്ട് ആറ് മണിക്ക് ഹരിദ്വാറിൽ ഒത്തുചേര്‍ന്നാകും മെഡലുകൾ ഗംഗയിൽ ഒഴുക്കുക.

ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തിതാരങ്ങൾ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. ജന്തര്‍മന്തറിൽ നിന്ന് സമരക്കാരെ നീങ്ങാൻ അനുവദിക്കാതെയായിരുന്നു പോലീസിന്റെ ഇടപെടൽ. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച മുതിര്‍ന്ന താരങ്ങളെയുള്‍പ്പെടെ വലിച്ചിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയവരടക്കം 700ലേറെ പേരെയാണ് ഇത്തരത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. പത്ത് മണിക്കൂറിന് ശേഷമാണ് താരങ്ങളിൽ പലരേയും വിട്ടയക്കാൻ പോലും പോലീസ് തയ്യാറായത്. സമാധാനപരമായ സമരത്തെ ഇത്ര ക്രൂരമായി നേരിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള തീരുമാനം. കുറ്റവാളികളോടെന്ന പോലെയാണ് പോലീസ് പെരുമാറിയതെന്ന് സാക്ഷി മാലിക് ആരോപിച്ചു.

ജന്തര്‍ മന്തറിൽ നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയ ഗുസ്തി താരങ്ങൾക്കും സംഘാടകർക്കുമെതിരെ കേസെടുത്തിരുന്നു. ഐപിസി 147 (കലാപശ്രമം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 186 (ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക), 188 (കൃത്യനിർവഹണം തടസപ്പെടുത്തൽ), 332 (ഉദ്യോഗസ്ഥരെ ആക്രമിക്കുക), എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള ഗുസ്തി താരങ്ങളുടെ മാര്‍ച്ച് മറയാക്കി ജന്തര്‍മന്തറില്‍ നിന്ന് സമരക്കാരെ പൂര്‍ണമായും ഡൽഹി പോലീസ് നീക്കിയിരുന്നു . ഗുസ്തി താരങ്ങളുടെ ടെന്റുകളും മെത്തകളും മറ്റ് വസ്തുക്കളുമെല്ലാം പോലീസ് സമരപ്പന്തലിൽ നിന്ന് നീക്കം ചെയ്തു. ജന്തര്‍മന്തറൊഴികെ മറ്റെവിടെ വേണമെങ്കിലും അപേക്ഷ നൽകിയാൽ പ്രതിഷേധിക്കാൻ അനുമതി നൽകാമെന്നാണ് പോലീസ് നിലപാട്. തിങ്കളാഴ്ച ജന്തര്‍ മന്തറിലേക്ക് വീണ്ടുമെത്താൻ ശ്രമിച്ച ഗുസ്തി താരങ്ങളുടെ വണ്ടി പോലീസ് കടത്തിവിട്ടിരുന്നില്ല. ജന്തര്‍മന്തറിലേക്കുള്ള വഴി പൂര്‍ണമായും അടയ്ക്കുകയും ചെയ്തു.

എന്നാൽ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് വരെ പ്രതിഷേധവുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ. ജന്തര്‍മന്തറില്‍ പ്രതിഷേധത്തിന് അവസരം കൂടി നൽകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ കടുത്തനടപടി. നീതിക്ക് വേണ്ടി ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുമ്പോൾ ബ്രിജ് ഭൂഷണ്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലിരുന്ന് ഉദ്ഘാടന ചടങ്ങുകൾ ആസ്വദിച്ച വിരോധാഭാസം ചൂണ്ടിക്കിട്ടി മുതിര്‍ന്നതാരങ്ങൾ കടുത്തവിമര്‍ശനമാണ് അഴിച്ചുവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ ഏഴ് ലൈംഗികാതിക്രമ പരാതികളാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ളത്. ജനുവരിയിലാണ് ഗുസ്തി താരങ്ങൾ ആദ്യഘട്ടത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ മേൽനോട്ട സമിതിയെ കേന്ദ്രം നിയമിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധത്തിൽ നിന്ന് പിന്മാറി. യാതൊരു തീരുമാനവുമുണ്ടാകാത്ത സാഹചര്യത്തിൽ ഏപ്രിലിൽ അവര്‍ വീണ്ടും പ്രതിഷേധത്തിലേക്ക് കടന്നു. ബ്രിജ് ഭൂഷണിനെതിരെ കേസ് പോലും എടുക്കാൻ പോലീസ് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലായിരുന്നു ഡൽഹി പോലീസ് കേസ് എടുത്തത്. പക്ഷെ അറസ്റ്റോ മറ്റ് നടപടികളോ ഇതുവരെയുണ്ടായില്ല. മേൽനോട്ട സമിതിയുടെ നിലപാടുകൾക്കെതിരെയും താരങ്ങൾ രംഗത്തെത്തിയിരുന്നു.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍