INDIA

ലൈംഗികാതിക്രമം നടന്നതിന് ഓഡിയോ, വീഡിയോ തെളിവുകൾ ഹാജരാക്കാനാവശ്യപ്പെട്ടു; മേല്‍നോട്ട സമിതിക്കെതിരെ വനിതാ ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണ്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വരുത്തി തീര്‍ക്കാന്‍ മേല്‍നോട്ട സമിതി ശ്രമിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ഇടപെടലില്‍ ആശങ്ക പ്രകടിപ്പിച്ച് പരാതിക്കാര്‍. പീഡനത്തിനിരയായെന്ന് തെളിയിക്കുന്ന വീഡിയോ, ഓഡിയോ തെളിവുകള്‍ ഹാജരാക്കാന്‍ സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടതായി പരാതിക്കാരായ വനിതാ ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നു. ബ്രിജ് ഭൂഷണ്‍ പിതാവിനെപ്പോലെയാണെന്നും വളരെ നിഷ്‌കളങ്കമായി പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും വരുത്തിതീര്‍ക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ബ്രിജ് ഭൂഷണിനെതിരെ എന്തെങ്കിലും പറയാന്‍ പോലും പേടിയായിരുന്നു
പരാതിക്കാരിലൊരാള്‍

അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ അവിടെ ബ്രിജ് ഭൂഷണിനോട് അടുപ്പമുള്ള ഒരു പരിശീലകന്‍ ഉണ്ടായിരുന്നതായി പരാതിക്കാരിലൊരാള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ബ്രിജ് ഭൂഷണിനെതിരെ എന്തെങ്കിലും പറയാന്‍ പോലും പേടിയായിരുന്നെന്ന് പരാതിക്കാര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മൊഴി നല്‍കുമ്പോള്‍ മേല്‍നോട്ട സമിതിയില്‍ വനിതാ അംഗങ്ങള്‍ മാത്രം മുറിയിലുണ്ടായിരിക്കണമെന്ന പരാതിക്കാരുടെ അഭ്യര്‍ഥനയാണ് ഇതോടെ ലംഘിക്കപ്പെട്ടത്.

ബ്രിജ് ഭൂഷണിനെതിരെ ഒന്നിലധികം ലൈംഗിക പീഡന പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ശ്വസന രീതി പരിശോധിക്കാമെന്ന വ്യാജേനെ മാറിലും വയറിലും ബ്രിജ് ഭൂഷണ്‍ സ്പര്‍ശിച്ചിരുന്നതായി പരാതിക്കാരിലൊരാള്‍ പറയുന്നു. പരിശീലന സമയത്ത് താരങ്ങളിലൊരാളുടെ ജേഴ്‌സി ഉയര്‍ത്തിയെന്നും അവര്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മൊഴി നല്‍കുമ്പോള്‍ കമ്മിറ്റി വീഡിയോ റെക്കോര്‍ഡിങ് ഓഫ് ചെയ്ത സാഹചര്യമുണ്ടായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ റെക്കോര്‍ഡിങ് ഓണാക്കിയില്ലെന്ന കാരണം പറഞ്ഞ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ വിശദാംശങ്ങള്‍ ആവര്‍ത്തിക്കാനും ആവശ്യപ്പെട്ടു.

ബോക്‌സിങ് മുന്‍ ലോക ചാമ്പ്യന്‍ മേരി കോമിന്റെ നേതൃത്വത്തിലാണ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ അന്വേഷണത്തിനായി ആറംഗ സമിതി രൂപീകരിച്ചത്. ജനുവരിയിലെ ആദ്യ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയിലാണ് ആദ്യം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. ആദ്യമായി മൊഴി രേഖപ്പെടുത്തുന്ന സമയത്ത് പരാതികളൊന്നും പൂര്‍ണമായി തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും വനിതാ ഗുസ്തി താരങ്ങള്‍ പറയുന്നു.

'' സമിതിയിലെ പല അംഗങ്ങളും നിര്‍വികാരമായാണ് പെരുമാറിയത്. അവര്‍ക്ക് മുമ്പാകെ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ തള്ളിക്കളയുന്ന പ്രകൃതമായിരുന്നു സമിതിയിലെ അംഗങ്ങളുടേത്. ഒരു പ്രസ്താവന പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ അതില്‍ കേറി ഇടപെടുകയും അതില്‍ തടസ്സമുണ്ടാക്കുകയും ചെയ്തു'' - വനിതാ ഗുസ്തിതാരങ്ങള്‍ പറയുന്നു.

''ചില മേല്‍നോട്ട സമിതി അംഗങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ വീഡിയോ, ഓഡിയോ തെളിവുകളില്ലാതെ നടപടികള്‍ സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞു. ലൈംഗികാതിക്രമം നടക്കുമ്പോള്‍ ഏത് സ്ത്രീക്കാണ് ഇത്തരത്തില്‍ തെളിവ് രേഖപ്പെടുത്താന്‍ കഴിയുക?'' - ഗുസ്തി താരങ്ങള്‍ ചോദിക്കുന്നു.

എന്നാല്‍ പരാതികളെല്ലാം തള്ളി മേല്‍നോട്ട സമിതി അംഗം രാധിക ശ്രീമന്‍ രംഗത്തെത്തി. വിഡീയോ ഓഫാക്കിയെന്ന ആരോപണം തെറ്റാണെന്ന് അവര്‍ വ്യക്തമാക്കി. ''മൊഴി രേഖപ്പെടുത്തുന്ന എല്ലാ സമയത്തും വീഡിയോ ഓണ്‍ ആക്കിയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് റെക്കോര്‍ഡിങ് ഓഫാക്കിയത്'' - രാധിക ശ്രീമന്‍ പറഞ്ഞു.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ