ജമ്മുകശ്മീർ ഗവർണർ സ്ഥാനമൊഴിഞ്ഞശേഷമാണു 2019ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയതെന്ന ആരോപണം തള്ളി സത്യപാൽ മാലിക്. ആക്രമണം നടന്ന ഘട്ടത്തില്‍ തന്നെ താന്‍ പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് സത്യപാൽ മാലിക് പുല്‍വാമ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് രാജസ്ഥാനിലെ ശിഖാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സത്യപാല്‍ മാലിക്.
മൂടിവയ്‌ക്കേണ്ട ഒന്നും ബിജെപി ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യത്തോടെ പറയാന്‍ കഴിയുമെന്ന് അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നമ്മളുമായി വേര്‍പിരിഞ്ഞശേഷം ആരെങ്കിലും എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ മാധ്യമങ്ങളും ജനങ്ങളും ആ രീതിയ്ക്ക് വിലയിരുത്തണമെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.
2019 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്റലിജന്‍സ് വിഭാഗത്തിനുമുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടുന്നതായിരുന്നു അന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിന് കേന്ദ്ര സര്‍ക്കാര്‍ വിമാനം നിഷേധിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു.
സത്യപാല്‍ മാലിക്കിന് സിബിഐ കഴിഞ്ഞദിവസം സമന്‍സ് അയച്ചിരുന്നു. 28 ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. കശ്മിര്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനായി 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നു, പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ലെന്നും സത്യപാൽ മാലിക് പറഞ്ഞു. ''നിലവിലെ സാഹചര്യം അവര്‍ക്ക് ബുദ്ധിമുട്ടാണ്, അദാനി വിഷയത്തിലും പുല്‍വാമ വിഷയത്തിലും പ്രധാനമന്ത്രി മോദി മൗനം വെടിയേണ്ടിവരും,'' മാലിക് പറഞ്ഞു.
ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വസുന്ധര രാജയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയാണെങ്കില്‍, വിജയസാധ്യത വര്‍ധിക്കുമെന്നും മാലിക് പറഞ്ഞു.