കർഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഉള്‍പ്പെട്ട അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തോട് വിയോജിപ്പ് പ്രകടമാക്കി സമൂഹമാധ്യമമായ എക്സ്. ഈ അക്കൗണ്ടുകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ബാധകമാണെന്ന് എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലുണ്ട്.
കർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐടി മന്ത്രാലയം സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
"പിഴയ്ക്കും ശിക്ഷയ്ക്കും കാരണമാകുന്ന പ്രത്യേക പോസ്റ്റുകളുടെയും അക്കൗണ്ടുകളുടെയും കാര്യത്തില്‍ നടപടിയെടുക്കാന്‍ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടു. ഉത്തരവിന് അനുസൃതമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രം ഞങ്ങള്‍ തടയും. എന്നാൽ ഈ നടപടിയോട് ഞങ്ങള്‍ വിയോജിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു," കുറിപ്പില്‍ പറയുന്നു.
ഇന്ത്യൻ സർക്കാരിന്റെ ബ്ലോക്കിങ് ഉത്തരവുകള്‍ക്കെതിരായ റിട്ട് അപ്പീല്‍ തീർപ്പുകല്‍പ്പിക്കാതെ കിടക്കുകയാണെന്നും സുതാര്യത പരിഗണിച്ച് ഉത്തരവ് പരസ്യമാക്കണമെന്നും എക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
"നിയമപരമായ നിയന്ത്രണങ്ങളുള്ളതിനാല്‍ ഉത്തരവുകള്‍ പരസ്യമാക്കാന്‍ ഞങ്ങള്‍ക്കാവില്ല. സുതാര്യത ഉറപ്പാക്കുന്നതിനായി ഉത്തരവുകള്‍ പരസ്യമാക്കേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അല്ലാത്തപക്ഷം, ഇത്തരം കാര്യങ്ങള്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതിലേക്ക് നയിക്കും," കുറിപ്പില്‍ പറയുന്നു.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്യതലസ്ഥാനത്തേക്കുള്ള കർഷക സംഘടനകളുടെ മാർച്ച് നിലവില്‍ രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ, സമരത്തിനിടെ ഹരിയാന-പഞ്ചാബ് അതിർത്തിയില്‍ പോലീസുമായുള്ള സംഘര്‍ഷത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് തീരുമാനം. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടന്നത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് നിരന്തരം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍നിന്ന് രക്ഷപ്പെടാനായി പാടങ്ങളിലേക്കിറങ്ങിയ കര്‍ഷകര്‍, കല്ലും വടികളുമായി തിരിച്ചു നേരിട്ടു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനായി താത്കാലികമായി നിര്‍ത്തിവച്ചിരുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ഇന്നലെ രാവിലെയാണ് കര്‍ഷകര്‍ പുനരാരംഭിച്ചത്.