വൈ എസ് ശര്‍മ്മിള  
INDIA

തെലങ്കാന പദയാത്ര അനുമതി നിഷേധം; നിരാഹാര സമരമിരുന്ന വൈ എസ് ശര്‍മ്മിളയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

തെലങ്കാന മുഖ്യന്ത്രി കെ സി ചന്ദ്രശേഖര്‍ റാവുവിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി

വെബ് ഡെസ്ക്

തെലങ്കാനയില്‍ നിരാഹാരമിരുന്ന വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ എസ് ശര്‍മ്മിളയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. കെഎസിആര്‍ സര്‍ക്കാരിനെതിരായ സംസ്ഥാന വ്യാപക പദയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു വൈ എസ് ശര്‍മ്മിള നിരാഹരസമരത്തിലേക്ക് കടന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പോലീസ് ബലംപ്രയോഗിച്ച് ഇടപെട്ടത്.

പദയാത്ര പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നും അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ വിട്ടയക്കണെമന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതലാണ് ശര്‍മ്മിള പാര്‍ട്ടി ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പോലീസ് സമരവേദിയിലെത്തി ഇടപെട്ടത്. മാധ്യമങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സ്ഥലത്ത് നിന്ന് മാറ്റിയ ശേഷമായിരുന്നു പോലീസ് ഇടപെടല്‍. വെള്ളം പോലും കുടിക്കാത്തതിനെ തുടര്‍ന്ന് ശര്‍മ്മിളയ്ക്ക് നിര്‍ജലീകരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശര്‍മ്മിളയുടെ രക്തസമ്മര്‍ദം കൂടുകയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് താഴുകയും ചെയ്തെന്ന് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. ശര്‍മ്മിളയുടെ വൃക്കയുടെ ആരോഗ്യസ്ഥിതിയെ ഇത് ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.

വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷയായ വൈ എസ് ശര്‍മിള.

തെലങ്കാനയില്‍ കെസിആര്‍ സര്‍ക്കാരിനെതിരെ വിവിധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നാലാഴ്ചയ്ക്കിടെ നാലാംതവണയാണ് ശര്‍മ്മിള അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി പ്രവര്‍ത്തകരും കെസിആറിന്റെ ഭാരത രാഷ്ട്രസമിതി പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്നും തെലങ്കാന മുഖ്യന്ത്രി കെ സി ചന്ദ്രശേഖര്‍ റാവുവിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി.

അതിനിടെ, ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കെഎസിആറിന്റെ മകള്‍ കവിതയെ സിബിഐ ചോദ്യം ചെയ്യുകയാണ്. സിബിഐ ഉദ്യോഗസ്ഥരുടെ ആറംഗ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഡിസംബര്‍ ആറിന് കവിതയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ ആവശ്യപ്രകാരം ചോദ്യം ചെയ്യല്‍ നീട്ടിവെയ്ക്കുകയായിരുന്നു. സിബിഐ ചോദ്യം ചെയ്യലിനെതിരെ കെസിആര്‍ അനുകൂലികള്‍ ഹൈദരബാദില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം