കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യമുന നദി കരകവിഞ്ഞൊഴുകുന്നു. അപകടനിലയേക്കാള്‍ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് യമുനയിലിപ്പോള്‍ ജലനിരപ്പ്. രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 208.46 മീറ്ററായി. ഇത് സര്‍വകാല റെക്കോര്‍ഡാണ്.
മഴയ്‌ക്കൊപ്പം ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതുമാണ് അപകടകരമായ സാഹചര്യത്തിന് കാരണം. സാഹചര്യം ആശങ്കാജനകമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. നദിയിലേക്കുള്ള നീരൊഴുക്ക് രാവിലെ വരെ തുടരുമെങ്കിലും ഉച്ചയോടെ താഴുമെന്നാണ് ജല കമ്മീഷന്‍ നല്‍കുന്ന വിവരം. 16,500 പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുന ബസാര്‍, മൊണസ്ട്രി മാര്‍ക്കറ്റ്, ഗീതാ ഘട്, ഓള്‍ഡ് റെയില്‍വെ ബ്രിഡ്ജ് മേഖലയിലെല്ലാം വെള്ളപ്പൊക്കമാണ്. സാഹചര്യം പരിഗണിച്ച് ഗീത കോളനി ശ്മശാനം അടച്ചു. വടക്കന്‍ ഡല്‍ഹിയിലെ റിങ് റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 47 കിലോമീറ്റര്‍ നീളമുള്ള ഔട്ടര്‍ റിങ് റോഡ് പ്രധാന ഗതാഗത പാതയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് സമീപം വരെ വെള്ളം കയറിയിട്ടുണ്ട്.
ദുരന്ത സാഹചര്യം കണക്കിലെടുത്ത് യമുന നദിക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. സ്ഥിഗതികള്‍ വഷളാകുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) അറിയിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ അറിയിച്ചു. യമുനയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ 10 സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. പകരം ഓൺലൈൻ ക്ലാസുകൾ നടത്തും.
യമുനയുടെ ജല നിരപ്പ് ഇനിയും ഉയരാതിരിക്കാന്‍ ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്ന് മിതമായ നിരക്കില്‍ മാത്രം വെള്ളം തുറന്നുവിടണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. രാത്രി ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്ന് നിന്ന് 1,47,857 ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ പരിമിതമായ അളവിലെ ജലം സംഭരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും നീരൊഴുക്ക് കൂടുന്നതിനനുസരിച്ച് ജലം താഴേയ്ക്ക് തുറന്ന് വിടുമെന്നും കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കി.