ശിവമോഗയിലെ പണി കഴിപ്പിച്ച വിമാനത്താവളത്തിന് തന്റെ പേരിടുന്നത് വിലക്കി കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. കർണാടക മന്ത്രിസഭായോഗം കൈകൊണ്ട തീരുമാനം റദ്ദാക്കണമെന്നും വിമാനത്താവളത്തിന് കന്നഡ മഹാകവി കൂവമ്പുവിന്റെ പേരിടണമെന്നും യെദ്യൂരപ്പ സർക്കാരിനോടാവശ്യപ്പെട്ടു .
ജീവിച്ചിരിക്കുന്ന ആളിന്റെ പേര് പൊതു സ്വത്തുക്കൾക്കു ഇടുന്ന പതിവില്ലെന്ന വാദം ഉയര്‍ന്നതിന് പിന്നാലെയാണ് യെദ്യൂരപ്പ നിലപാട് കടുപ്പിച്ചത്
ഈ മാസം 27 ന് പ്രധാനമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കാനിരിക്കുന്ന വിമാനത്താവളത്തിന് കഴിഞ്ഞ മന്ത്രി സഭയോഗമായിരുന്നു യെദ്യൂരപ്പയുടെ പേര് നിർദേശിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി നിർദേശം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വിമാനത്താവള നാമകരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വ്യാപക എതിർപ്പുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു യെദ്യൂരപ്പ പ്രതിനിധീകരിക്കുന്ന ലിംഗായത്ത് സമുദായത്തെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ ഗിമ്മിക് ആയാണ് നടപടി വിലയിരുത്തപെട്ടത് . ജീവിച്ചിരിക്കുന്ന ആളിന്റെ പേര് പൊതുസ്വത്തുക്കൾക്ക് ഇടുന്ന പതിവില്ലെന്ന വാദവും ഉയർന്നു . ഈ സാഹചര്യത്തിലാണ് യെദ്യൂരപ്പ തന്നെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് അഭ്യര്‍ഥിക്കുന്നത്.
പൊതു -സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തിൽ 450 കോടി രൂപ ചെലവഴിച്ചു നിർമിച്ച വിമാനത്താവളത്തിന് 2020 ൽ അന്ന് മുഖ്യമന്ത്രി ആയിരുന്ന ബി എസ് യെദ്യൂരപ്പ തന്നെയായിരുന്നു തറക്കല്ലിട്ടത്. കർണാടകയിലെ ഏഴാമത്തെ ആഭ്യന്തര വിമാനത്താവളമാണ് ശിവമോഗ വിമാനത്താവളം .