INDIA

'ഹലാൽ സർട്ടിഫിക്കറ്റ് രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കുന്നു'; നിരോധനമേർപ്പെടുത്താൻ ഉത്തർ പ്രദേശ് സർക്കാർ

വെബ് ഡെസ്ക്

ഉത്തർപ്രദേശിൽ ഹലാൽ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങൾ വ്യാപകമായി നിരോധിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകിയതിന് ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ ലഖ്‌നൗ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്തിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് ഹലാലെന്ന് സാക്ഷ്യപ്പെടുത്തിയ വെജിറ്റേറിയൻ ഉത്പന്നങ്ങളായ എണ്ണ, സോപ്പ്, ടൂത്ത്പേസ്റ്റ് എന്നിവയുടെ വിൽപ്പനയ്ക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില കമ്പനികൾ ഒരു പ്രത്യേക സമൂഹത്തിനുള്ളിൽ വിൽപ്പന വർധിപ്പിക്കുന്നതിന് ഹലാൽ സർട്ടിഫിക്കേഷൻ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഈ നിയമവിരുദ്ധ പ്രവർത്തനം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു പി സർക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. ഹലാൽ സർട്ടിഫിക്കറ്റ് രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കുകയും ദേശവിരുദ്ധ ശക്തികൾക്ക് ഗുണം ചെയ്യുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭീകര സംഘടനകൾക്ക് ഫണ്ട് ചെയ്യാനാണ് ഹലാൽ സർട്ടിഫിക്കേഷനിൽ നിന്നുള്ള സാമ്പത്തിക നേട്ടം ഉപയോഗിക്കുന്നതെന്ന തരത്തിലാണ് പരാതി

ബ്യൂട്ടി ഓയിൽ, സോപ്പുകൾ, ടൂത്ത് പേസ്റ്റ് തുടങ്ങി സസ്യാഹാരം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് അനാവശ്യമായി ഹലാൽ സ്റ്റിക്കറുകൾ പതിക്കുന്നുണ്ടെന്ന് ശൈലേന്ദ്ര കുമാർ ശർമ എന്ന ലക്നൗ സ്വദേശിയുടെ പരാതിയിൽ പറയുന്നു. ഒരു പ്രത്യേക സമൂഹത്തിൽ കച്ചവടം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു. ഈ പ്രവൃത്തി മറ്റൊരു സമുദായത്തിലെ കച്ചവടങ്ങളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ച് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.

പരാതിക്ക് പിന്നാലെ "ഹലാൽ സർട്ടിഫിക്കറ്റ്" ഉത്പന്നങ്ങൾ വിൽക്കുന്ന കച്ചവസ്ഥാപനങ്ങൾക്കെതിരെ ഉത്തർ പ്രദേശ് പോലീസ് നടപടി സ്വീകരിക്കുന്നുണ്ട്. സർട്ടിഫിക്കറ്റുകൾ വ്യാജമായി സമ്പാദിച്ചതാണെന്ന് ആരോപിച്ചാണ് നടപടി. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ഈ അവിഹിത സമ്പ്രദായത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും പോലീസ് പറയുന്നു.

ഭീകര സംഘടനകൾക്ക് ഫണ്ട് ചെയ്യാനാണ് ഹലാൽ സർട്ടിഫിക്കേഷനിൽ നിന്നുള്ള സാമ്പത്തിക നേട്ടം ഉപയോഗിക്കുന്നതെന്ന തരത്തിലാണ് പരാതി. ചെന്നൈയിലെ ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡൽഹിയിലെ ജാമിയത്ത് ഉലമ ഹിന്ദ് ഹലാൽ ട്രസ്റ്റ്, മുംബൈയിലെ ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ, മുംബൈയിലെ ജമിയത്ത് ഉൽലെമ എന്നിവർക്കും മറ്റു ചില അജ്ഞാത നിർമാണ കമ്പനികൾക്കും വ്യക്തികൾക്കുമെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

ക്രിമിനൽ ഗൂഢാലോചന, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവമായ വാക്കുകൾ ഉച്ചരിക്കൽ, കൊള്ള, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും