വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ഉത്തരവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈന്ദവ ആചാരമായ കാൻവട് യാത്ര നടക്കുന്ന വഴിയരികിൽ ഭക്ഷണം വിൽക്കുന്ന കടകള്‍ ഉടമസ്ഥരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ മുസാഫർനഗർ പോലീസ് സമാന ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ വലിയ പ്രതിഷേധം ബിജെപി നേതാക്കളിൽനിന്ന് തന്നെ ഉയർന്നിരുന്നു. പിന്നാലെയാണ് അതേ ഉത്തരവിനെ ഉയർത്തിപ്പിടിക്കുന്ന നീക്കവുമായി യുപി മുഖ്യമന്ത്രി തന്നെ രംഗത്തുവരുന്നത്. കൂടാതെ ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിർദേശമനുസരിച്ച്, ഓരോ ഭക്ഷണശാലയും പെട്ടിക്കടക്കാരും ഉടമയുടെ പേര് ഒരു ബോർഡിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഉടമകളുടെ പേരുകൾ ബോർഡിൽ രേഖപ്പെടുത്താൻ ഉത്തരാഖണ്ഡ് പോലീസും നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്ററൻ്റിൽനിന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന, നോമ്പെടുക്കുന്ന ഹിന്ദുക്കൾക്ക് വേണ്ടിയാണ് ഇത്തരമൊരു നടപടി എന്നാണ് ബിജെപിയുടെ വാദം. വ്യാഴാഴ്ചത്തെ മുസഫർനഗർ പോലീസിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു ബിജെപി ഇത്തരമൊരു ന്യായീകരണവുമായി രംഗത്തെത്തിയത്. ജൂലൈ 22നാണ് യാത്ര ആരംഭിക്കുന്നത്.
കാൻവട് യാത്ര കടന്നുപോകുന്ന പടിഞ്ഞാറൻ യുപി ബെൽറ്റിലുടനീളം, ജനസംഖ്യയുടെ 30-40 ശതമാനം മുസ്ലിങ്ങളാണ് താമസിക്കുന്നത്. തീർഥാടകർ കൊണ്ടുപോകുന്ന കൻവാടുകൾ (ജലം നിറച്ച കണ്ടൈനറുകൾ) നിർമിക്കുന്നതിലും യാത്രക്കാർക്ക് ഭക്ഷണം ക്രമീകരിക്കുന്നതിലും സാധാരണയായി മുസ്ലിംങ്ങളും ഉൾപ്പെടാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് പോലീസിന്റെ വിവാദ ഉത്തരവിനെ ഉയർത്തിപ്പിച്ചുകൊണ്ട് യോഗി ആദിത്യനാഥ് വെള്ളിയാഴ്ച രംഗത്തെത്തുന്നത്.
അതേസമയം, ഉടമസ്ഥന്റെ പേര് പ്രദർശിപ്പിക്കാനുള്ള ഉത്തരവ് തൊട്ടുകൂടായ്മയ്ക്ക് കാരണമാകുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്‌വി അഭിപ്രായപ്പെട്ടിരുന്നു. "കുറച്ചധികം ശുഷ്കാന്തിയുള്ള ചില ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ തൊട്ടുകൂടായ്മ എന്ന അസുഖത്തിന് കാരണമായേക്കാം... വിശ്വാസത്തെ മാനിക്കണം, പക്ഷേ അതിനുവേണ്ടി തൊട്ടുകൂടായ്മയെ പരിപോഷിപ്പിക്കുകയല്ല വേണ്ടത്” നഖ്‌വി എക്‌സിൽ കുറിച്ചു. കാൻവട് യാത്രയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം പങ്കുവെച്ചായിരുന്നു നഖ്‌വിയുടെ പോസ്റ്റ്.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവായിരുന്നു മുസാഫർനഗർ പോലീസിന്റെ ഉത്തരവിന് തൊട്ടുപിന്നാലെ വിമർശനവുമായി ആദ്യം രംഗത്തുവന്നത്. സമൂഹത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക കുറ്റകൃത്യമാണ് പോലീസ് നടത്തുന്നതെന്നായിരുന്നു അഖിലേഷിന്റെ വിമർശനം.ജുഡീഷ്യറി ഇതിന്റെ ഉദ്ദേശ്യം മനസിലാക്കി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.