മധ്യപ്രദേശിലെ ഗ്വാളിയോറില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് നിര്‍ബന്ധിച്ച് കാല് നക്കിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ രോഷമടങ്ങും മുന്‍പാണ് സമാനമായ അതിക്രമം സംസ്ഥാനത്ത് വീണ്ടും അരങ്ങേറിയത്.
ഓടുന്ന വാഹനത്തില്‍ യുവാവിനെ ചെരുപ്പ് കൊണ്ട് അടിക്കുകയും ബലമായി കാല് നക്കിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദിക്കുന്നവരും മര്‍ദനമേറ്റവരും ഗ്വാളിയോര്‍ ജില്ലയിലെ ദബ്റ സ്വദേശികളാളാണ്. വാഹനത്തിലെ പിന് സീറ്റിലിരിക്കുന്ന ഒരാളെ മറ്റൊരാള്‍ ക്രൂരമായി മര്‍ദിക്കുന്നതും 'ഗോലു ഗുര്‍ജാര്‍ പിതാവാണ്' എന്ന് പറയാന്‍ അവശ്യപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നാണ് ഇയാളുടെ കാല് നക്കാന്‍ നിര്‍ബന്ധിക്കുന്നത്. യുവാവ് മര്‍ദിക്കുന്നയാളുടെ കാല് നക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. യുവാവിനെ അസഭ്യം പറയുകയും മുഖത്തും തലയിലും മര്‍ദിക്കുകയും ചെയ്യുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ദബ്റ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.