വൈഎസ് ആർ തെലങ്കാന പാർട്ടി സ്ഥാപക നേതാവും ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരിയുമായ ശർമിള റെഡ്ഢി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ സദാശിവ നഗറിലെ വീട്ടിലായിരുന്നു ശർമിള എത്തിയത്. ഡികെ ശിവകുമാറിനെയും കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെയും അവർ അഭിനന്ദിച്ചു.
ഡിസംബർ മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി കെ ചന്ദ്ര ശേഖർ റാവുവിനെതിരെ രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുന്നതിനിടയിലാണ് ശർമിളയുടെ ബംഗളുരുവിലേക്കുള്ള വരവ് . കെ സി ആറിനെതിരെയുള്ള പടയൊരുക്കത്തിൽ ശർമിളയുടെ പാർട്ടി കോൺഗ്രസിന്റെ സഹായം പ്രതീക്ഷിക്കുന്നുവെന്നാണ് അഭ്യൂഹം. തെലങ്കാനയിലെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചാൽ കെ സി ആർ ന്റെയും ബി ആർ എസ് പാർട്ടിയുടെയും അപ്രമാദിത്യം അവസാനിപ്പിക്കാമെന്നാണ് കണക്കു കൂട്ടൽ .
ഐക്യ ആന്ധ്രയിലെ കരുത്തനായ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളായ ശർമിള പിതാവിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടിയാണ് തെലങ്കാനയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് . സംസ്ഥാനത്തു ഇപ്പോഴും വൈ എസ് ആറിന്റെ അനുയായികളുണ്ടെന്ന വിശ്വാസത്തിലാണ് വൈ എസ് ആർ തെലങ്കാന പാർട്ടി മുന്നോട്ടു പോകുന്നത് . തെലങ്കാന സർക്കാരിനെതിരെ സമരം ചെയ്ത ശർമിള റെഡ്ഢി നിരവധി തവണ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ഒറ്റക്ക് ഏറ്റു മുട്ടിയാൽ പ്രതീക്ഷിച്ച ഫലം ലഭിക്കില്ലെന്ന് കണക്കു കൂട്ടുന്ന ശർമിള തെലങ്കാനയിൽ കോൺഗ്രസ് സഹായം പ്രതീക്ഷിക്കുകയാണ് . എന്നാൽ തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വവുമായി അത്ര രസത്തിലല്ല ശർമിള . ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢിയുമായി കൊമ്പു കോർക്കലിലാണ് അവർ . ശർമിളയെ ആന്ധ്രാക്കാരി എന്ന് ആക്ഷേപിച്ച രേവന്ത് റെഡ്ഢിക്ക് അതെ നാണയത്തിൽ മറുപടി നൽകിയാണ് ശർമിളയുടെ പോക്ക് . താൻ ആന്ധ്രാക്കാരിയെങ്കിൽ സോണിയ ഇറ്റലിക്കാരി അല്ലേ എന്നാണ് മറു ചോദ്യം . ടിപിസിസി നേതൃത്വത്തോട് അസ്വാരസ്യം പുകയുമ്പോൾ തന്നെയാണ് ശർമിള അയൽ സംസ്ഥാനത്തെ പി സി സി അധ്യക്ഷനായ ഡികെ ശിവകുമാറിനെ കാണാൻ എത്തിയത്.
അഭ്യൂഹങ്ങൾ പലതുണ്ടെങ്കിലും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇതിൽ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല . ശർമിളയുടേത് വെറും സൗഹൃദ സന്ദർശനമാണെന്നാണ് ഉപമുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം . 2021 ൽ ആയിരുന്നു സഹോദരൻ ജഗൻ മോഹൻ റെഡ്ഢിയുമായി രാഷ്ട്രീയമായി വേർപിരിഞ്ഞു ശർമിള റെഡ്ഢി പുതിയ പാർട്ടി രൂപീകരിച്ചത്. ഹെലികോപ്റ്റർ ദുരന്തത്തെ തുടർന്ന് പിതാവ് വൈ എസ് രാജശേഖര റെഡ്ഢി കൊല്ലപ്പെട്ടതോടെയായിരുന്നു ജഗൻ മോഹൻ റെഡ്ഢി കോൺഗ്രസ് വിട്ടു വൈ എസ് ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചത് . ഹൈദരാബാദിൽ സ്ഥിരതാമസക്കാരിയായ ശർമിള വർഷങ്ങൾക്ക് ശേഷമാണ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനായി ഇറങ്ങി തിരിച്ചത്.