INDIA

'ലക്ഷ്യം ജനങ്ങളെ സഹായിക്കല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; ബിജെപി സ്ഥാനാര്‍ഥിയെന്ന പ്രചാരണം തള്ളി യുവരാജ് സിങ്

പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയയി ബിജെപി യുവരാജിനെ പരിഗണിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകള്‍

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം യുവരാജ് സിങ്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തനിക്ക് താത്പര്യമില്ലെന്നും ജനങ്ങളെ സഹായിക്കുന്നത് തുടരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയയി ബിജെപി യുവരാജിനെ പരിഗണിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകള്‍.

''മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ഞാന്‍ ഗുരുദാസ്പൂരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. വിവിധ തലങ്ങളിലുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലുമാണ് എന്റെ താത്പര്യം. യുവികാന്‍ (YouWeCan) എന്ന എന്റെ ഫൗണ്ടേഷനിലൂടെ ഞാനത് തുടരും. കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കുന്നത് തുടരാം,'' യുവരാജ് സിങ് കുറിച്ചു.

ഗുരുദാസ്പൂരില്‍ ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ആണ് ബിജെപിയുടെ സിറ്റിങ് എംപി. അദ്ദേഹത്തെ മാറ്റി യുവരാജ് സിങിനെ മത്സരിപ്പിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിങ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നത്.

2019-ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിങ്, സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തില്‍ സജീവമാണ്. യുവികാന്‍ സംഘടനയിലൂടെ അദ്ദേഹം നിരവധി അർബുദ ബാധിതര്‍ക്ക് സഹായം നല്‍കുന്നുണ്ട്.

യുവരാജ് സിങ്, അക്ഷയ് കുമാര്‍, കങ്കണ റണൗട്ട്, മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് തുടങ്ങി നിരവധി പേരെ ഇത്തവണ ബിജെപി മത്സരിപ്പിച്ചേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറിനെ ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും കങ്കണയെ ഹിമാചലിലെ മാണ്ഡിയില്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമനാഥപുരത്തും യുപിയിലെ വാരാണസിയിലും ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുണ്ട്. നൂറുപേരുടെ ആദ്യ പട്ടിക ബിജെപി ഉടന്‍ പുറത്തിറക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ