മാറ്റത്തിന്റെ കാറ്റ് വീശാന്‍ സെഡ്പിഎം. മിസോറാമിലെ വോട്ടെണ്ണൽ ആദ്യ റൗണ്ട് കഴിയുമ്പോള്‍ കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളില്‍ മുന്നിലാണ് സെഡ്പിഎം. ഭരണകക്ഷിയായ എംഎന്‍എഫിനെ ബഹുദൂരം പിന്നിലാക്കി 23 മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുകയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ്. എട്ട് സീറ്റുകളിലാണ് എംഎന്‍ഫ് മുന്നിട്ട് നില്‍ക്കുന്നത്. 5 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആദ്യ റൗണ്ടില്‍ മുന്നേറ്റം നേടാന്‍ സാധിച്ചത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത് മിസോറാമില്‍ തൂക്കു സഭയെന്നാണ്. ഒരു പക്ഷേ സെഡ്പിഎം അധികാരത്തില്‍ വരികയാണെങ്കില്‍ മിസോറാമിന്റെ ഇതുവരെയുള്ള ചരിത്രം വഴിമാറി നില്‍ക്കും. മിസോറാം രൂപീകരിക്കപ്പെട്ട മുതല്‍ കോണ്‍ഗ്രസും എംഎന്‍എഫും മാറി മാറി ഭരിച്ചയിടത്താണ് സെഡ്പിഎം വിജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ടാകും.
2017ല്‍ രൂപീകരിച്ച സെഡ്പിഎം 2018ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എട്ട് സീറ്റുകള്‍ നേടിയിരുന്നു. സോറം നാഷണല്‍ പാര്‍ട്ടി, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറം എക്സോഡസ് കോണ്‍ഫറന്‍സ്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി, സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സെഡ്പിഎം പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറി.
ഇന്നലെ നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ ക്രൈസ്തവ വിശ്വാസികളുടെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ നടന്നിരുന്നു. തെലങ്കാന ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയും തെലങ്കാനയില്‍ കോണ്‍ഗ്രസും അധികാരത്തിലേറി.