NEWS

'40 ശതമാനം കമ്മിഷൻ സർക്കാർ' ആരോപണം ഉയർത്തിയ കരാറുകാരന്റെ ബെംഗളുരുവിലെ വീട്ടില്‍ ഐ ടി റെയ്ഡ്; പിടിച്ചെടുത്തത് 42 കോടി

കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരുവില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റർ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍നിന്ന് മാത്രം 42 കോടി രൂപ പിടിച്ചെടുത്തു.

കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ. ഇവരുടെ ആര്‍ ടി നഗറിലെ വീട്ടില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു പണം.

വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു ആദായ നികുതി വകുപ്പ് സംഘം അശ്വതമ്മയുടെ വീട്ടിലെത്തിയത്. കട്ടിലിനടിയിലും ഉപയോഗശൂന്യമായ ഒരു മുറിക്കുള്ളിലുമായാണ് പണമടങ്ങിയ പെട്ടികള്‍ അടുക്കിവച്ചിരുന്നത്. 500 രൂപ കറന്‍സികളായിട്ടായിരുന്നു പണം കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒതുക്കി സീല്‍ ചെയ്ത് സൂക്ഷിച്ചത്.

പൊതുമരാമത്ത് കരാറുകാരുടെ സംഘടനാ ഭാരവാഹിയായ അംബികാപതിയും അശ്വതമ്മയും ഒരുമിച്ചു കഴിയുന്ന വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. പണം ആരുടേതാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായി അംബികാപതിക്ക് അടുത്ത ബന്ധമുണ്ടെന്നും പണം തെലങ്കാന തിരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ കൊണ്ടുപോകാനായിരുന്നു നീക്കമെന്നും ബി ആര്‍ എസ് ആരോപിച്ചു. തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവുവാണ് റെയ്ഡ്‌നു തൊട്ടുപിറകെ ആരോപണം ഉന്നയിച്ചത്.

കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പതനത്തിന് കാരണമായതില്‍ പ്രധാനപ്പെട്ടതായിരുന്നു '40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍' എന്ന ആരോപണം. പൊതു മരാമത്ത് പദ്ധതികളുടെ കരാര്‍ തുക ലഭിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കമ്മീഷന്‍ ചോദിക്കുന്നുവെന്ന കരാറുകാരുടെ സംഘടനകളുടെ ആരോപണം കോണ്‍ഗ്രസ് ഏറ്റുപിടിക്കുകയായിരുന്നു.

അഴിമതി ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ബി ജെ പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളിക്കത്തിച്ചായിരുന്നു കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചത്. കമ്മീഷന്‍ ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടറുടെ ഭാര്യയുടെ കയ്യില്‍നിന്ന് അനധികൃത പണം പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രതിപക്ഷമായ ബി ജെ പി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ