സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും പകരംവെക്കാനില്ലാത്ത കഥ പറഞ്ഞ 'മഞ്ഞുമ്മൽ ബോയ്‌സ്' കേരളവും കടന്ന് വലിയ തരംഗമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. കൊടൈക്കനാലിലെ ഗുണ കേവില്‍ വീണ മഞ്ഞുമ്മൽ സ്വദേശി സുഭാഷിനെ രക്ഷപ്പെടുത്തിയ സൗഹൃദസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെങ്കിൽ മഞ്ഞുമലയിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവമാണ് എറണാകുളം സ്വദേശി തന്നെയായ അനൂപിന്റേത്. രക്ഷകരായതാവട്ടെ ഇറ്റാലിയൻ വ്യോമസേന.
റോമിൽ താമസിക്കുന്ന എറണാകുളം കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടനാണ് ഇറ്റാലിയൻ വ്യോമേസനയുടെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. റോമിനു സമീപമുള്ള അബ്രൂസേയിലെ മയിയേലയിലെ മഞ്ഞുമലയിലാണ് അനൂപ് കുടുങ്ങിയത്.
സമുദ്രനിരപ്പിൽനിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മലയിൽ സാഹസികമായ കാൽനടയാത്രയ്ക്കു പോയതായിരുന്നു അനൂപും ഇറ്റാലിയൻ സുഹൃത്തും. രാവിലെ യാത്ര തിരിച്ച ഇവർ മലമുകളിൽ എത്താൻ കുറച്ചുദൂരം അവശേഷിക്കെയാണ് കുടുങ്ങിയത്. പ്രതീക്ഷിച്ചതിലും കനത്ത മഞ്ഞ് വെല്ലുവിളിയായതിനൊപ്പം നേരം ഇരുട്ടുകയും ചെയ്തു.
ഇതിനിടെ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞിൽ പുതഞ്ഞുപോകുകയുമായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമം വിഫലമായെന്നു മാത്രമല്ല, കൂടുതൽ താഴേയ്ക്ക് പോയികൊണ്ടിരിക്കുകയും ചെയ്തു.
കൂട്ടുകാരന് രക്ഷിക്കാൻ കഴിയാത്ത വിധം ചെരിവിലേക്കുപോയ അനൂപ് അപകടം മനസിലാക്കി തന്നെ ഇറ്റലിയിലെ എമർജസി നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. മലമുകളിലെ രക്ഷാപ്രവർത്തകരുടെ രണ്ട് ഹെലികോപ്റ്റർ ഉടനെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രാത്രിയായതിനാൽ ശ്രമം ഉപേക്ഷിച്ച് രക്ഷാപ്രവർത്തകർ മടങ്ങി. അവർ ഇറ്റാലിയൻ വ്യോമസേനയെ വിവരമറിയിച്ചു.
ഇറ്റാലിയൻ വ്യോമസേനയുടെ ഹെലികോപ്റ്റർ വളരെ പെട്ടെന്ന് തന്നെ എത്തുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ അനൂപിനെയും കൂടെയുള്ള യുവാവിനെയും രക്ഷപ്പെടുത്തി. രാത്രി പറക്കാൻ കഴിവുള്ളതാണ് എച്ച്എച്ച്139-ബി വിഭാഗത്തിലുള്ള ഈ ഹെലികോപ്റ്റർ. ഹൈപെർതെർമിയിലേയ്ക്ക് എത്തികൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാലാണ് ജീവന് അപകടം സംഭവിക്കാതിരുന്നത്.
ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങളും ചാനലുകളും വൻവാർത്ത പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഇറ്റാലിയൻ വ്യോമസേനയുടെയും സുരക്ഷാ സേനയുടെയും മീഡിയ പേജുകളിലും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും അനൂപ് നന്ദി അറിയിച്ചു.