സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മുന്നോട്ട് വച്ച നികുതി നിര്‍ദേശങ്ങളും വരുമാന വര്‍ധന മാര്‍ഗങ്ങളിലും ചൂടുപിടിച്ച് കേരള രാഷ്ട്രീയം. സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷത്തെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍, ബജറ്റിനെ തള്ളാനും കൊള്ളാനുമാകാതെ ധര്‍മ്മ സങ്കടത്തിലാണ് ഇടത് നേതാക്കള്‍. ഇന്ധന സെസ് വിഷയത്തില്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്ക് അതൃപ്തി ഉണ്ടെന്നാണ് സൂചനകള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഉള്‍പ്പെടെ നടത്തിയ പ്രതികരണം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ്. അതിനിടെ, കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഉള്‍പ്പെടെ ദേശീയ നേതാക്കളാണ് സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ബജറ്റിലുള്ളത് നികുതി നിര്‍ദേശങ്ങള്‍ മാത്രമാണെന്നും അന്തിമ തീരുമാനം ചർച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും എന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രതികരണം. ഇന്ധന വില ഉയരാൻ കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര വിഹിതത്തിൽ നാൽപതിനായിരം കോടിയുടെ കുറവ് ഉണ്ടാകും. സംസ്ഥാനത്തിന് വരുമാന വർധന ആവശ്യമാണ്. ഇതേക്കുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങള്‍ ഇന്ധന വിലവര്‍ധനയെകുറിച്ച് മാത്രം പറയുകയാണെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇപ്പോൾ അവതരിപ്പിച്ചത് ബജറ്റ് നിർദേശങ്ങളാണ്. ഇതില്‍ ചർച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ബജറ്റിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴിഞ്ഞുമാറി. ഇന്ധന സെസിനെ കുറിച്ച് സംസ്ഥാനത്തെ നേതാക്കളോട് ചോദിക്കണം എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കൂ എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് സിപിഐ നിലപാട്. എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കില്‍ സഭയില്‍ പറയുമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനത്തിന് വേണ്ടിയാണ് ഇന്ധനത്തിന് നികുതി ഏര്‍പ്പെടുത്തിയത് എന്നും കാനം ചൂണ്ടിക്കാട്ടി. വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് വേറെ വഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍കേന്ദ്ര ധനമന്ത്രി പി ചിദംബരവും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു
ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് നിലപാടായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ സ്വീകരിച്ചത്. അയല്‍ സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്‌നങ്ങള്‍ നമുക്കുണ്ടാകുമെന്നും ഇ പി ചൂണ്ടിക്കാട്ടി.
കെ എന്‍ ബാലഗോപാലിന്റെ നികുതി നിര്‍ദേശങ്ങളോട് പരിഹാസത്തോടെ ആയിരുന്നു മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പ്രതികരിച്ചത്. ''പ്രിയപ്പെട്ട ധനമന്ത്രി, പണപ്പെരുപ്പം നേരിടാനായി 2000 കോടി ചെലവഴിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനായി, 2000 കോടി രൂപയുടെ 'സാങ്കല്‍പ്പിക' നികുതി ചുമത്താമായിരുന്നല്ലോ നിങ്ങള്‍ക്ക്'' എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.
കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്
അതിനിടെ, കേരള സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ ജനദ്രോഹവും, നികുതി കൊള്ളയ്ക്കും വഴിവയ്ക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളുമുണ്ടാകും.
വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും നികുതി വർധനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ്, ബിജെപി, യൂത്ത് കോൺഗ്രസ്, യുവ മോർച്ച, കെ എസ് യു സംഘടനകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരസ്യ പ്രതിഷേധം നടത്തി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ബജറ്റിനോടുള്ള പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പോലിസ് പിന്നീട് വിട്ടയച്ചു.