രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെയും മൂന്നാം ബജറ്റാണിത്.
തന്റെ മുൻഗാമിയായ തോമസ് ഐസക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മിതമായ സമയമാണ് കഴിഞ്ഞ രണ്ടു ബജറ്റുകൾ അവതരിപ്പിക്കാനായി കെ എൻ ബാലഗോപാൽ എടുത്തത്. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് വിഎസ് സര്‍ക്കാരിലും ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലും ധനമന്ത്രിയുടെ റോള്‍ കൈകാര്യം ചെയ്ത ഡോ. തോമസ് ഐസക്കിന്റെ പേരിലാണ്. 3 മണിക്കൂറും 18 മിനുട്ടും സമയമെടുത്താണ് 2021ലെ തന്റെ അവസാന ബജറ്റ് പ്രസംഗം തോമസ് ഐസക് പൂര്‍ത്തിയാക്കിയത്. രണ്ട് മന്ത്രിസഭകളുടെ ഭാഗമായ തോമസ് ഐസക് 12 സംസ്ഥാന ബജറ്റുകളാണ് അവതരിപ്പിച്ചത്.
ഏറ്റവും കുറഞ്ഞ സമയം ബജറ്റ് പ്രസംഗം നടത്തിയ റെക്കോർഡിന് രണ്ട് അവകാശികളുണ്ട് - മുൻ മുഖ്യമന്ത്രി ഇ കെ നായനാരും കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയും. 1987 മാർച്ച് 28ന് ആറു മിനിറ്റിലാണ് മുഖ്യമന്ത്രി ഇ കെ നായനാർ തന്റെ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞു മൂന്നാം ദിനമായിരുന്നു അത്. മന്ത്രിസഭാ വികസനം നടന്നിട്ടില്ല. മാർച്ച് 31നു മുൻപ് വോട്ട് ഓൺ അക്കൗണ്ട് പാസ്സായില്ലെങ്കിൽ ഭരണ സ്തംഭനം നേരിടും. ആ പ്രതിസന്ധി മറികടക്കാനായാണ് നായനാർ വോട്ട് ഓൺ അക്കൗണ്ട് മാത്രമായി ബജറ്റ് പ്രസംഗം ചുരുക്കിയത്. പിന്നീട്, ജൂൺ അഞ്ചിന് ധനകാര്യ മന്ത്രി വി വിശ്വനാഥ മേനോൻ പൂർണ ബജറ്റ് അവതരിപ്പിച്ചു.
2015ൽ ബാർ കോഴ കേസിൽ ആരോപണവും പ്രതിപക്ഷ പ്രതിഷേധവും നേരിടുന്നതിനിടയിലാണ് മാണി സാറിന്റെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം. നിയമസഭയില്‍ 9.02ന് ആരംഭിച്ച ബജറ്റ് അവതരണം 9.08 വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. മൂന്ന് നാല് പേജുകള്‍ മാത്രം വായിച്ച മാണി ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കണമെന്ന് അപേക്ഷിച്ച് പ്രസംഗം അവസാനിപ്പിച്ചു. ഒടുവില്‍ ലഡുവും വിതരണം ചെയ്ത് പതിമൂന്ന് ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി എന്ന റെക്കോർഡും സ്വന്തം പേരിലാക്കിയാണ് അദ്ദേഹം സഭയില്‍ നിന്നും മടങ്ങിയത്.
രണ്ടു മണിക്കൂറും 56 മിനിട്ടുമായിരുന്നു 2016ലെ ഐസക്കിന്റെ ബജറ്റ് പ്രസംഗം നീണ്ടത്. 2016ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2 മണിക്കൂറും 54 മിനുട്ടും എടുത്താണ് പ്രസംഗം പൂര്‍ത്തിയാക്കിയത്. ബജറ്റ് അവതരണത്തിന്റെ സമയ കണക്കില്‍ ഉമ്മന്‍ചാണ്ടി രണ്ടാം സ്ഥാനത്താണ്. 2 മണിക്കൂര്‍ 50 മിനുട്ടു കൊണ്ടാണ് കെഎം മാണി 2013ലെ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്.
1995-ലെ എ കെ ആന്റണി സര്‍ക്കാർ അധികാരമേറ്റതിന്റെ രണ്ടാം ദിവസം നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു.
1995 മാര്‍ച്ച് 23ന് ധനകാര്യ മന്ത്രി സിവി പദ്മരാജനാണ് ബജറ്റ് അവതരിപ്പിച്ചത്. 1977ല്‍ സിഎച്ച് മുഹമ്മദ് കോയ 16 ദിവസം മാത്രം ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ മാര്‍ച്ച് 28ന് 1977-78 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
ഐക്യ കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ഒന്നാം ഇ എം എസ് മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന സി അച്യുതമേനോനാണ് - 1957 ജൂൺ 7ന്
മുഖ്യമന്ത്രിമാരായിരുന്ന ആർ ശങ്കർ, സി അച്യുത മേനോൻ, ഇ കെ നായനാർ, ഉമ്മൻ ചാണ്ടി എന്നിവർ കേരളത്തിൽ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് കുറച്ചുകാലം ഭരിച്ചെങ്കിലും ബജറ്റ് അവതരിപ്പിച്ചിട്ടില്ലാത്ത മുഖ്യമന്ത്രിയാണ് കെ കരുണാകരൻ. ശങ്കർ, അച്യുത മേനോൻ, ചാണ്ടി എന്നിവർ മുഖ്യമന്ത്രി ആകും മുൻപ് ധനകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് തവണ കേരള ബജറ്റ് അവതരിപ്പിച്ചു പാസ്സാക്കിയത് ലോക് സഭയിലാണ്. 1965-66, 1966-67, 1982-83 വർഷങ്ങളിൽ സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തിലായിരുന്നപ്പോഴാണ് ബജറ്റ് ലോക് സഭയിൽ അവതരിപ്പിക്കേണ്ടി വന്നത്.