KERALA

സാമ്പത്തിക പ്രതിസന്ധിയിലും മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; ചെലവ് മൂന്ന് കോടി

തീരുമാനം ധനവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച്

വെബ് ഡെസ്ക്

സംസ്ഥാനത്ത് പത്ത് മന്ത്രിമാര്‍ക്ക് ആഡംബര കാറായ, ഇന്നോവ ക്രിസ്റ്റ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍. ഒരു കാറിന് 32.22 ലക്ഷം രൂപയാണ് വില. പത്തുപേര്‍ക്ക് കാര്‍ വാങ്ങാന്‍ 3.22 കോടി രൂപ അനുവദിച്ചുകൊണ്ട് ടൂറിസം വകുപ്പ് വ്യാഴാഴ്ച്ച ഉത്തരവിറക്കി. മന്ത്രിമാര്‍ ഉപയോഗിച്ചുവരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നല്‍കണം. കാറുകള്‍ പഴയതായതുകൊണ്ടാണ് പുതിയത് വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പ് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു. അത് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഉത്തരവിന്റെ പകര്‍പ്പ്‌
സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ക്ക് പുതിയ വാഹനങ്ങള്‍ അനുവദിച്ചത്

സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ക്ക് പുതിയ വാഹനങ്ങള്‍ അനുവദിച്ചത്. നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാരുടെ ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങള്‍ വാങ്ങാനേ ധനവകുപ്പ് അനുമതി നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ മന്ത്രിമാര്‍ക്കായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാര്‍ വാങ്ങുന്നതിന് ഒരു ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രളയ കാലത്തെ പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇത്. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബില്ലുകളില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി ഈ ഘട്ടത്തില്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇത് മറികടന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ മന്ത്രിസഭ വഴി അനുമതി വാങ്ങിയിരുന്നു. എന്നാല്‍ അന്ന് ആര്‍ക്ക് വേണ്ടിയാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്ന് വകുപ്പോ മന്ത്രിസഭയോ വ്യക്തമാക്കിയിരുന്നില്ല.

മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ, മൂന്ന് വര്‍ഷത്തെ സേവന കാലാവധിയോ കഴിയുമ്പോള്‍, മാറ്റി നല്‍കുന്നതാണ് പതിവ്. 2019നുശേഷം മന്ത്രിമാര്‍ക്കായി വാഹനം വാങ്ങിയിട്ടില്ല. അടുത്തിടെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മുഖ്യമന്ത്രിക്ക് മാത്രമാണ് പുതിയ വാഹനം വാങ്ങിയത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിയായി ടാറ്റ ഹാരിയറും വാങ്ങിയത്.

വിജയം ഉറപ്പിച്ച് പ്രിയങ്ക, രാഹുല്‍, പ്രദീപ്‌ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്