ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വന്ന ശേഷം പരോള്‍ ലഭിച്ചത് 2013 ദിവസം. തടവുകാലത്തെ ആശുപത്രിവാസത്തിന് പുറമെയാണ് 11 പ്രതികള്‍ക്കും പല തവണയായി ആറ് മാസത്തോളം പരോള്‍ ലഭിച്ചത്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
കണക്കുകൾ പ്രകാരം എട്ടാം പ്രതി സിപിഎം കുന്നങ്കര ലോക്കല്‍ കമ്മിറ്റിയംഗമായ കെസി രാമചന്ദ്രന്‍ പരോളില്‍ പുറത്തിറങ്ങിയത് 280 ദിവസമാണ്. 260 ദിവസം സാധാരണ പരോളും, 20 ദിവസം അടിയന്തര പരോളും. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാമചന്ദ്രനെ പാർട്ടി പുറത്താക്കിയിരുന്നു. 13-ാം പ്രതിയായ പി കെ കുഞ്ഞനന്തന്‍ 257 ദിവസമാണ് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച്, ചികിത്സയിലിരിക്കെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണ്‍ 11ന് മരിച്ചു. ആറും 11ഉം പ്രതികളായ ഷിജിത്തിനും മനോജനും 270ഉം 257ഉം ദിവസങ്ങളാണ് പരോള്‍ ലഭിച്ചത്.
പരോള്‍ കാലയളവില്‍ കൊടി സുനി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായി
ഏറ്റവും കുറഞ്ഞ പരോള്‍ ലഭിച്ചത് കൊടി സുനിയെന്ന സുനില്‍ കുമാറിനാണ്, 60 ദിവസം. 2018ല്‍ കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയാകുകയും ചെയ്തു. മറ്റൊരു പ്രതി കിർമാണി മനോജ് എന്ന മനോജ് കുമാർ പുറത്തിറങ്ങിയത് 180 ദിവസമാണ്. പരോള്‍ കാലത്ത്, വയനാട് പടിഞ്ഞാറത്തറ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ മനോജ് പ്രതിയാണ്.
2014ലെ ജയില്‍ നിയമപ്രകാരം പ്രതികള്‍ക്ക് 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും അർഹതയുണ്ട്. 2020-21 വർഷങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അർഹരായ തടവുകാർക്ക് സുപ്രീംകോടതിയുടെ നിർദേശപ്രകാരമുള്ള പ്രത്യേക പരോളുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്.
ജീവപര്യന്തം തടവെന്നാൽ ജീവിതാവസാനം വരെയെന്ന് സുപ്രീംകോടതി വിധിയുള്ളതിനാല്‍ പ്രത്യേക അവധിയെല്ലാം ഫലത്തിൽ ശിക്ഷാ ഇളവായി കണക്കാക്കാം
മൂന്ന് സിപിഎം നേതാക്കളടക്കം ടി പി കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികള്‍ക്ക് കണ്ണൂർ, വിയ്യൂർ സെന്‍ട്രല്‍ ജയിലുകളില്‍ വിഐപി പരിഗണനയാണെന്ന വിമർശനം മുന്‍പും ഉയർന്നിരുന്നു. സാധാരണ തടവുകാർക്ക് പ്രത്യേക പരോള്‍ ലഭിച്ചാല്‍ അത്രയും ദിവസം കൂടി ജയിലിൽ കിടന്നാൽ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. ജീവപര്യന്തം തടവെന്നാൽ ജീവിതാവസാനം വരെയെന്ന് സുപ്രീംകോടതി വിധിയുള്ളതിനാല്‍ ആ തടവുകാർക്ക് ലഭിക്കുന്ന പ്രത്യേക അവധിയെല്ലാം ഫലത്തിൽ ശിക്ഷാ ഇളവായി കണക്കാക്കാം.