തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന അമീബയുടെ സാന്നിധ്യത്തെത്തുടർന്ന് ആലപ്പുഴയിൽ പതിനഞ്ചുകാരൻ മരിച്ചു. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കിഴക്കെമായിത്തറ അനില്‍കുമാറിന്റെ മകന്‍ ഗുരുദത്താണ് മരിച്ചത്.
ബ്രെയിന്‍ ഈറ്റര്‍ എന്ന് അറിയപ്പെടുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സഫലൈറ്റിസ് രോഗം ബാധിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. പരാദസ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന ഈ രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴിയാണ് ബാധിക്കുന്നത്.
മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് രോഗാണു തലച്ചോറിലെത്തുന്നത്. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സഫലൈറ്റിസിന്റെ പ്രധാന രോഗലക്ഷണങ്ങള്‍.
ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കുട്ടിക്ക് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ചതായി ആലപ്പുഴ ജില്ലാ ഭരണകൂടം സ്ഥിരീകരിക്കുന്നത്. പൊതുകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗം വന്നതെന്നും ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
മരിച്ച കുട്ടി പാണാവള്ളി പഞ്ചായത്തിലെ പൊതുകുളത്തില്‍ മലിനജലത്തില്‍ കുളിച്ചതിന് പിന്നാലെയാണ് രോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കുളത്തില്‍ മറ്റ് ആളുകളും കുളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചു.
''കഴിഞ്ഞ മാസം 29 നാണ് കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും ആരംഭിച്ചത്. ഈ മാസം ഒന്നിന് തലവേദന, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനാൽ മെനിഞ്ചോ എന്‍സഫലൈറ്റിസ് രോഗമാണോ എന്ന് സംശയിക്കുകയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു,'' ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇതിന് മുന്‍പ് അഞ്ച് പേര്‍ക്കാണ് ഈ രോഗം ബാധിച്ചിത്. രോഗം ബാധിച്ചവരെല്ലാം തന്നെ മരിച്ചു. ജില്ലയില്‍ രണ്ടാം തവണയാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017 ല്‍ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ കാരണ മാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.