തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. 33 വയസ്സുള്ള ബിസിനസുകാരനായ ഇയാള്‍ ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ പത്മനാഭസ്വാമിക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. പാലക്കാടുനിന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന് അടുത്തുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയത്.
ഇന്ന് ഉച്ചയ്ക്കു ശേഷം സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറി. പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.
ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടിരൂപയാണ്. എല്ലാ നികുതികളും കഴിഞ്ഞ് ജേതാവിന്റെ അക്കൗണ്ടിലേക്കെത്തുന്നത് 12.60 കോടി രൂപയാണ്. 30% നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിന് തുക കൈമാറുന്നത്. ഉയര്‍ന്ന സമ്മാനങ്ങള്‍ നേടുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ നികുതിയും നല്‍കണം. ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ഏജന്റിന് 2 കോടിരൂപ കമ്മിഷനായി ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായത് XC-224091 എന്ന നമ്പറിനായിരുന്നു.