ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിനപകടങ്ങളിലൊന്നിനാണ് രാജ്യം ജൂണ്‍ രണ്ടിന് ഒഡിഷയില്‍ സാക്ഷിയായത്. രാജ്യത്തെ നിശ്ചലമാക്കിയ മഹാദുരന്തത്തിന്റെ നടുക്കം ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ഗതാഗത സംവിധാനമുള്ള ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമല്ല. 22 വര്‍ഷം മുൻപ് നടന്ന അങ്ങനെയൊരു ദുരന്തത്തിന്റെ മരവിപ്പിക്കുന്ന ഓർമയിലാണ് കേരളം.
ബോഗി പാളം തെറ്റിയതാണെന്ന് ഒരു വിഭാഗവും ഒരു തൂണ്‍ ചരിഞ്ഞതോ താഴുകയോ ചെയ്തതാവാം ദുരന്തകാരണം എന്ന് മറ്റൊരു വിഭാഗവും വിശ്വസിക്കുന്നു
കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ മദ്രാസ് മെയില്‍ പുഴയിലേക്ക് മറിഞ്ഞ് 52 പേർക്കാണ് ജീവൻ നഷ്ടമായത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിൻ കടലുണ്ടി പുഴയുടെ മുകളിലൂടെ കടന്നുപോകുമ്പോള്‍ പാലം തകരുകയും മൂന്ന് ബോഗികള്‍ പുഴയിലേക്ക് മറിയുകയുമായിരുന്നു. ഇതില്‍ 2 ബോഗികള്‍ പാലത്തില്‍ തൂങ്ങിക്കിടന്നു.
2001 ജൂണ്‍ 22ന് നടന്ന അപകടത്തിന്റെ കാരണം ഇന്നും അജ്ഞാതമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരന്തകാരണം കണ്ടെത്താന്‍ റെയില്‍വെയ്ക്ക് സാധിച്ചിട്ടില്ല. പഴക്കമുള്ള പാലത്തിന്റെ ഒരു തൂൺ തകര്‍ന്നാണ് അപകടമുണ്ടായതെന്നും അതല്ല ട്രെയിൻ ബോഗി പാളം തെറ്റിയതാകാം എന്നുമടക്കം നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. തകര്‍ന്ന തൂണിന്റെ മുകള്‍ഭാഗം ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷവും തകര്‍ന്ന തൂണിന്റെ ബാക്കിവരുന്ന ഭാഗം കുഴിച്ചെടുത്ത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ എവിടെയുമെത്താതെ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച 140തോളം വര്‍ഷം പഴക്കമുള്ള പഴയ പാലത്തിന്റെ ബലക്ഷയമാണ് കാരണമെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിച്ചു. പുതിയ ഒരു പാലം നിര്‍മിക്കപ്പെട്ടു എന്നത് മാത്രമാണ് ഉണ്ടായമാറ്റം.
2017 എപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 422 ട്രെയിനുകളാണ് രാജ്യത്ത് പാളംതെറ്റിയത്. പാളങ്ങളുടെ അറ്റകുറ്റപ്പണികളില്‍ ഉണ്ടാകുന്ന വീഴ്ച, അമിതവേഗം എന്നിവയെല്ലാം പാളംതെറ്റലുകള്‍ക്ക് എന്നിവയെല്ലാമാണ് അപകടത്തിന് പ്രധാന കാരണമാകുന്നത്. 275 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും 900 പേര്‍ക്ക് പരുക്കേറ്റതുമായ ഇക്കഴിഞ്ഞ ഒഡിഷയിലെ ദുരന്തം രാജ്യത്തിനുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. ഈ അപകടത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.