KERALA

കാണാമറയത്ത് ഇരുന്നൂറ്റി അൻപതിലേറെ പേർ, നാലുപേരെ കണ്ടെത്തിയത് പ്രതീക്ഷയേകുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ഉരുൾപൊട്ടലിൽ പൊലിഞ്ഞത് 327 ജീവനുകൾ. 82 ക്യാമ്പുകളിലായി 8304 പേരാണ് കഴിയുന്നത്

വെബ് ഡെസ്ക്

കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇനിയൊരാളെയും രക്ഷിക്കാനാകില്ലെന്ന് സൈന്യവും സംസ്ഥാന സർക്കാരും തറപ്പിച്ചു പറഞ്ഞതിനിടയിലാണ് ഒറ്റപ്പെട്ടുപോയ നാലുപേരെ വ്യാഴാഴ്ച രക്ഷിക്കാനായത്. ഇനിയും ഇരുന്നൂറ്റി അൻപതിലേറെ കണ്ടെത്താനുണ്ടെന്ന് രക്ഷകപ്രവർത്തകർ പറയുമ്പോൾ വർധിക്കുന്നത് ഒറ്റപ്പെട്ടുപോയ മനുഷ്യർ മേഖലയുടെ പലയിടത്തായി ജീവിച്ചിരിപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ്. അതുമാത്രമാണ് വയനാട്ടിൽനിന്ന് പുറത്തുവരാനുള്ള അൽപ്പമെങ്കിലും ആശ്വാസം നൽകുന്ന വാർത്ത.

ഉരുൾപൊട്ടലിൽ തകർന്ന വീടിനുള്ളിൽ സൈന്യം തിരച്ചിൽ നടത്തുന്നു

കേരളം ഇതുവരെ കണ്ട ഏറ്റവും വിനാശകരമായ ദുരന്തത്തിൽ വയനാട്ടിൽ പൊലിഞ്ഞത് 327 ജീവനുകളാണ്. 82 ക്യാമ്പുകളിലായി 8304 പേരാണ് കഴിയുന്നത്. മിക്കവർക്കും തിരികെ പോകാൻ ഇടമില്ലാതെ, പലരുടെയും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടാണ് ക്യാമ്പുകളിലുള്ളത്.

ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നും ഇരുപതിലേറെ കിലോമീറ്റർ അകലെ ചാലിയാറിൽ ഇപ്പോഴും മൃതദേഹങ്ങൾ ഒഴുകിവരുന്നുണ്ട്. ഇതുവരെ 177 മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് ലഭിച്ചു. ഇന്നുമാത്രം ലഭിച്ചത് 11 ജീവനറ്റ ശരീരങ്ങളാണ്. നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ നടക്കുകയാണ്. തലയില്ലാതെയും കൈയും കാലുകളും മാത്രമായുമാണു പല മൃതദേഹാവശിഷ്ടങ്ങളും ലഭിക്കുന്നത്.

പ്രകൃതിദുരന്തത്തിൽ മരിച്ചവരിൽ 74 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ഈ മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആറ് സോണുകളായി തിരിച്ചാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്. അട്ടമലയും ആറൻമലയുമാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോൺ, പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരമാണ് ആറാമത്തെ സോൺ.

സമുദ്രനിരപ്പിൽനിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. എട്ടുകിലോമീറ്ററുകളോളം ദൂരം പാറക്കെട്ടുകളും കൂറ്റൻ വൃക്ഷങ്ങളും ഒഴുകിയെത്തി. ഏകദേശം 86,000 ചതുരശ്ര മീറ്ററാണ് ദുരന്തമേഖലയായി കരുതുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍