രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ഇന്ന്. രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും. വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാന്‍ എല്‍ഡിഎഫ് തയ്യാറെടുക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമാക്കുകയാണ് യുഡിഎഫ്. അഴിമതി നികുതിക്കൊള്ള വിഷയങ്ങളില്‍ ഊന്നി യുഡിഎഫ് ഇന്ന് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തും. ബിജെപിയും പ്രതിഷേധവുമായി രംഗത്തുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തുന്ന രാപകല്‍ സമരം ഇന്നും തുടരും.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തരെത്തും. രാവിലെ ആറ് മണിയോടെ തന്നെ സമരം ആരംഭിച്ചു. എട്ട് മണിയോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകരും ഒന്‍പത് മണിക്ക് മുന്‍പായി ഇടുക്കി, എറണാകുളം ജില്ലയിലെ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നില്‍ അണി നിരക്കും. പത്ത് മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് എംപിമാരും എംഎല്‍എമാരും മറ്റ് ഘടകകക്ഷി നേതാക്കളും സമരപരിപാടിയില്‍ പങ്കാളികളാകും. യുഡിഎഫ് സമരത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് ശനിയാഴ്ച സമാപനമാകുന്നത്. പ്രോഗ്രസ് റിപ്പോര്‍ട്ടും പരിപാടിയില്‍ മുഖ്യമന്ത്രി പ്രകാശിപ്പിക്കും. റവന്യൂ മന്ത്രി കെ രാജന്‌റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍, മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.