രണ്ടുമാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത് 35 കോടിരൂപയുടെ സ്വര്‍ണം. 82 കേസുകളിലായി 65 കിലോഗ്രാമോളം സ്വര്‍ണമാണ് പിടികൂടിയത്. 82 കേസുകളില്‍ 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും, മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലുമാണ് കണ്ടെത്തിയത്.
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. 12 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതത്. സ്വര്‍ണം കടത്തുന്നവരെ കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് കിലോഗ്രാമിന് 1.5 ലക്ഷം രൂപവരെ കസ്റ്റംസ് പ്രതിഫലം നല്‍കുന്നുണ്ടെന്നാണ് വിവരം. വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ തീര്‍ത്തും രഹസ്യമായിരിക്കുമെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണിത്.
2023ന് ഫ്രെബ്രുവരി വിമാനത്താവളത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. 467 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ പുറകുവശത്തുള്ള സീറ്റിന്റെ അടിയിലായാണ് സ്വര്‍ണം പിടികൂടിയത് . ദീര്‍ഘ ചതുരാകൃതിയിലുള്ള ഒരു പാക്കറ്റില്‍ അതിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്നത്. തങ്ങള്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്ത് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.
ഫെബ്രുവരി 17ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മാര്‍ച്ച് 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. റിയാദില്‍ നിന്ന് ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്നും ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം മാര്‍ച്ച് 15ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇങ്ങനെ ദിനം പ്രതി നിരവധി സ്വണക്കടത്തുകളാണ് കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്നത്. പലപ്പോഴും കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ പോകുന്ന സ്വര്‍ണം വിമാനത്താളത്തിന്റെ പുറത്തുവച്ച് പോലീസ് പിടികൂടുന്നതും പതിവ് സംഭവമാണ്. ഈ വര്‍ഷം മാത്രം 13 തവണയാണ് ഇങ്ങനെയാണ് പോലീസ് സ്വര്‍ണം പിടികൂടിയത്.