കൊച്ചി ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയം പതിനാറുകാരന്‍ ഹരിനാരായണനില്‍ മിടിച്ചുതുടങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിച്ചശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. വൈകിട്ട് മൂന്നുമണിയോടെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു.
കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഹൃദയം ഇവിടെനിന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് കടന്നുവന്ന വഴിയില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹൃദയം ഹെലികോപ്റ്ററില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ, ഹരിനാരായണന്റെ സഹോദരനും സമാനമായ രീതിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
കൊച്ചി ബോള്‍ഗാട്ടി ഹെലിപാഡിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഇവിടെനിന്ന് റോഡ് മാര്‍ഗം ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പോലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിനാണ് (36) മസ്തിഷ്‌ക മരണം സംഭവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിച്ചത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.
ഹൃദയം ലിസി ആശുപത്രിയിലേക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.
തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഹൃദയവുമായി കൊച്ചിയിലേക്ക് പറന്നത് ഇത് നാലാമത്തെ തവണയാണ്. 2020ല്‍ കോവിഡ് സമയത്ത് തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയം കോതമംഗലം സ്വദേശിനി ലീന ഷിബുവിന് വേണ്ടി എത്തിച്ചു. പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്രയായിരുന്നു ഇത്.
2020 ജൂലെയില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച അനുജിത്തിന്റെ ഹൃദയം തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിന് വേണ്ടി എത്തിച്ചു. 2021 മാര്‍ച്ചില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ഹൃദയം തിരുവനന്തപുരം കിംസില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചു. കായംകുളം സ്വദേശി സൂര്യനാരായണന് വേണ്ടിയായിരുന്നു അന്ന് ഹൃദയം എത്തിച്ചത്. സൂര്യനാരയാണന്റെ സഹോദരന്‍ ഹരിനാരായണന് വേണ്ടിയാണ് ഇത്തണ ഹൃദയം ഹെലികോപ്റ്ററില്‍ എത്തിക്കുന്നത്.