ബഫർ സോണുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച 70,224 പരാതികളിൽ തീർപ്പാക്കിയത് 35,864 എണ്ണം മാത്രം. പീച്ചി വന്യജീവി സങ്കേതത്തെ അനുബന്ധിച്ചാണ് ഏറ്റവും കൂടുതൽ പരാതികള്‍ ലഭിച്ചത്. 15,230 പരാതികളാണ് ഇവിടെ മാത്രം ലഭിച്ചത്. റവന്യൂ വകുപ്പ് ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയതും കെട്ടിടങ്ങൾ കൂട്ടിച്ചേർത്തതും ഇടുക്കി വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ടാണ്. ആകെ 8979 പരാതികൾ തീർപ്പാക്കിയപ്പോൾ അതിൽ 8850 നിർമാണങ്ങൾ ഇടുക്കിയുമായി ബന്ധപ്പെട്ട് മാത്രം പട്ടികയിൽ ഉൾപ്പെടുത്തി.
സംസ്ഥാനത്താകെ ഇതുവരെ 41,444 നിർമാണങ്ങളാണ് ഭൂപടത്തിൽ അധികമായി കൂട്ടിച്ചേർത്തത്. പരാതി നൽകാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ഫീൽഡ് സർവേ നടപടികൾ ഈ ആഴ്ച മുഴുവൻ തുടരാനാണ് സർക്കാർ തീരുമാനം. അതേസമയം ബഫർ സോണുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ബഫര്‍ സോണ്‍ വിഷയത്തിലെ ഉത്തരവില്‍ ഇളവ് തേടി കേരളം സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഹർജി സംസ്ഥാനം നൽകിയത്.
വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ 2022 ജൂൺ മൂന്നിലെ വിധിയില്‍ ഇളവ് നല്‍കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിധി പുനഃപരിശോധിക്കണമെന്ന് കാണിച്ച് സംസ്ഥാനം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.