ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനക്കെതിരെ എഐസിസിയെ സമീപിക്കാൻ ഗ്രൂപ്പുകൾ. സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗം നേതാക്കൾ പരാതിയുമായി ഉടൻ മല്ലികാർജുൻ ഖാർഗയെക്കാണും.കേരളത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാൻ സുധാകരനും സതീശനും കഴിയുന്നില്ലെന്നും മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സാധിക്കുന്നില്ലെന്നും നേതാക്കൾ ഹൈക്കമാന്റിനെ ധരിപ്പിക്കും.
ഉപസമിതി നൽകിയ പുനസംഘടന പട്ടിക വിഡി സതീശനും കെ സുധാകരനും ചേർന്ന് അട്ടിമറിച്ചു എന്നാണ് ഗ്രൂപ്പുകളുടെ പ്രധാന ആരോപണം. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഇടപെടലും ഇതിനു പിന്നിലുള്ളതായി ഗ്രൂപ്പുകൾ ഉറച്ചു വിശ്വസിക്കുന്നു. ഈ സമീപനം അംഗീകരിക്കാനാകില്ലെന്നാണ് ഗ്രൂപ്പുകളുടെ പൊതുവികാരം. പാർട്ടിക്കുള്ളിൽ ഇനി നടക്കാനിരിക്കുന്ന പുനഃസംഘടനകളിൽ ഈ ഏകപക്ഷീയ സമീപനം വെച്ചു പൊറുപ്പിക്കാനാകില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പൊതുനിലപാട്. പുനഃസംഘടന പൂർണമായും അട്ടിമറിച്ച് സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റിയെഴുതി പാർട്ടിക്കുള്ളിൽ കെസി വേണുഗോപാലിന്റെ പിന്തുണയോടെസ്വാധീനം ഉറപ്പാക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിരന്തരം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ഒരുങ്ങുന്നത്.
280 ബ്ലോക്ക് പ്രസിഡന്റുമാരിൽ 110 പേരുടെ കാര്യത്തിൽ തർക്കം നിലനിന്നിരുന്നു. ഇവരുടെ കാര്യത്തിൽ കെ സുധാകരനും വിഡി സതീശനും മാത്രം യോഗം ചേർന്ന് ഗ്രൂപ്പ് നോതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷൻമാരുടെയും അഭിപ്രായം തേടാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതായി ഗ്രൂപ്പുകൾ ആരോപിക്കുന്നു. നിലവിൽ എ ഐ ഗ്രൂപ്പുകളുടെ ഭാഗമല്ലാത്ത നേതാക്കളുടെ നോമിനികളെ ഭാരവാഹി പദത്തിലേക്ക് കൊണ്ടുവന്നത് നിലവിലെ സമവാക്യങ്ങൾ മറികടന്നാണെന്നും ഏകപക്ഷീയമായിട്ടാണെന്നും ഗ്രൂപ്പുകൾ ആരോപിക്കുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണ് പുനഃസംഘടനക്കെതിരെ കെ മുരളീധരൻ, കെസി ജോസഫ്, ബെന്നി ബെഹ്ന്നാൻ തുടങ്ങിയവർ പരസ്യ പ്രതിഷേധത്തിന് പോലും തുനിഞ്ഞത്. നേതൃത്വത്തിന്റെ നിലവിലെ തീരുമാനങ്ങളോട് കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, ഡീൻ കുര്യക്കോസ് ഉൾപ്പടെ എംപിമാർക്കും കടുത്ത അതൃപ്തിയാണുള്ളത്.
ബ്ലോക്ക് പുനഃസംഘടനയിൽ ഉണ്ടായ അവഗണന ഇനി കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള നീക്കങ്ങൾ നടത്തണമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. അതേസമയം യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചാണ് ബ്ലോക്ക് പുനസംഘടന നടത്തിയത് എന്നാണ് കെപിസിസി നേതൃത്വം നൽകുന്ന വിശദീകരണം. വിവിധ ഘടകങ്ങൾ പരിശോധിച്ച് എംപിമാരുടെയും എംഎൽഎമാരുടെയും അടക്കം അഭിപ്രായങ്ങൾ പരിഗണിച്ചായിരുന്നു ബ്ലോക്ക് പുനഃസംഘടന കെപിസിസി പൂർത്തീകരിച്ചതെന്ന് അവർ വിശദീകരിക്കുന്നു. പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകൾക്ക് പഴയ ആധിപത്യമില്ലെന്നും ഗ്രൂപ്പുകളെ മാത്രം പരിഗണിച്ചുകൊണ്ട് പാർട്ടിക്കുള്ളിൽ പുനഃസംഘടന പൂർത്തീകരിക്കാൻ സാധിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിക്കുന്നവർക്കും ഇതേ അഭിപ്രായമാണുള്ളത്.
ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനഃസംഘടന പാട്ടിയ്ക്കുള്ളിൽ മറ്റൊരു കലാപത്തിനുള്ള സാധ്യതകളാണ് തുറന്നിടുന്നത്.