മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത തമിഴ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പൂക്കോട്ടൂര്‍ സ്വദേശികളായ മൂന്നുപേരും ഒരു തമിഴ്നാട് സ്വദേശിയുമാണ് പിടിയിലായത്. കോതടി മജീദ് (52) തൊട്ടിപ്പാറമ്മല്‍ കൃഷ്ണന് (54), കെ പി അഷറഫ് (42), പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവന്‍ എന്ന മാധവന് (35) എന്നിവരാണ് അറസ്റ്റിലായത്. അറവങ്കരയിലെ ലോഡ്ജ് മുറിയില്‍ വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുയായിരുന്നു.
ഓഗസ്റ്റ് പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഏതാനും വര്‍ഷങ്ങളായി മലപ്പുറത്ത് താമസിച്ച് വരുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബലമായി കടത്തി കൊണ്ടുപോയി. ഏഴ് കിലോ മീറ്റര്‍ അകലെ അറവങ്കരയിലെ ലോഡ്ജ് മുറിയിലെത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പ്രതികളും പിടിയിലായത്.
പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ല. മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.