KERALA

'കൈ' അല്ല, താമരക്കുമ്പിള്‍! അനില്‍ ആന്റണി ബിജെപിയില്‍

വെബ് ഡെസ്ക്

കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയില്‍. പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തിലാണ് അനിലിന്റെ രംഗപ്രവേശം. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിക്കുന്ന ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് അനില്‍ കോൺഗ്രസുമായി അകന്നിരുന്നു. പിന്നാലെ പാർട്ടി പദവികളുമൊഴിഞ്ഞു. കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനറും എഐസിസി സോഷ്യല്‍ മീഡിയ കോർഡിനേറ്ററുമായിരുന്നു.

ബഹുമുഖ വ്യക്തിത്വമെന്നാണ് അനിലിനെ പീയുഷ് ഗോയല്‍ വിശേഷിപ്പിച്ചത്. രാജ്യത്തിനായി നിലപാടെടുത്തപ്പോള്‍ കോൺഗ്രസില്‍ അപമാനിക്കപ്പെട്ടെന്നും ഗോയല്‍ പറഞ്ഞു. അംഗത്വം സ്വീകരിച്ച ശേഷം വാർത്താസമ്മേളനത്തില്‍ അനില്‍ കോൺഗ്രസിനെ വിമർശിച്ചു.കോൺഗ്രസിലുള്ളവർ ഒരു കുടുംബത്തിന് വേണ്ടി പണിയെടുക്കുന്നു. ബിജെപി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നെന്ന് പറഞ്ഞ അനില്‍ പ്രധാന മന്ത്രിയെ നരേന്ദ്രമോദിയെ പുകഴ്ത്തുകയും ചെയ്തു. മോദിയുടേത് ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കുന്ന കാഴ്ചപ്പാടെന്നായിരുന്നു വാക്കുകള്‍.

പ്രതിപക്ഷ പാർട്ടികളെല്ലാം ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്റി ആയുധമാക്കി മോദിക്കെതിരെ ആഞ്ഞടിക്കുന്ന ഘട്ടത്തിലാണ് അനിൽ ആന്റണി, ഡോക്യുമെന്ററിക്കെതിരെ നിലപാടെടുത്തത്. ആഭ്യന്തരവിഷയത്തില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള ഇടപെടലുകള്‍ രാജ്യത്തിന്റെ മതേതര നിലനിൽപ്പിനെ തകർക്കുമെന്നായിരുന്നു അനിലിന്റെ വാദം. ട്വിറ്ററിൽ അനിൽ ആന്റണി നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. തുടർന്നായിരുന്നു രാജി. തനിക്കെതിരെ മോശം പ്രചാരണം ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നും ആരോപിച്ചായിരുന്നു രാജി പ്രഖ്യാപനം.

പിന്നാലെ, വീണ്ടും വിവാദ പരാമർശവുമായി അനിൽ രംഗത്തെത്തിയിരുന്നു. ബിബിസി ഇപ്പോഴത്തെ കോൺഗ്രസിന് പറ്റിയ കൂട്ടാണെന്നായിരുന്നു ട്വീറ്റ്. നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമമെന്ന് ബിബിസിയെ പരിഹസിച്ച അനില്‍, കോണ്‍ഗ്രസിനും ഇപ്പോഴത്തെ നേതാക്കള്‍ക്കും പറ്റിയ സഖ്യകക്ഷിയാണെന്നും വിമർശിച്ചിരുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിലും കോൺഗ്രസിനെതിരായ നിലപാടാണ് അനിൽ സ്വീകരിച്ചത്. ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാർട്ടി പ്രവർത്തിക്കണമെന്നായിരുന്നു പ്രതികരണം. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന് അനിൽ ട്വിറ്ററിൽ കുറിച്ചിരുന്നു. കൂടാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ചും രംഗത്തെത്തി. ഇതോടെയാണ് അനിലിന്റെ ബിജെപി പ്രവേശനം എന്ന വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

എന്നാല്‍, പിന്നാലെ ബിജെപിയിലേക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി അനിൽ രംഗത്തുവന്നിരുന്നു. ബിജെപി പാളയത്തിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയായിരുന്നു പ്രതികരണം. നല്ലവരായ ചിലർ പാർട്ടിയെ ഏറ്റെടുക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് മടങ്ങിവരുമെന്നും അനിൽ പറഞ്ഞിരുന്നു. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഒരു കുടുംബത്തെ മാത്രം ചുറ്റിപ്പറ്റിയുള്ള നേതൃത്വവും അവരുടെ സഹയാത്രികരും മാറിയാൽ മാത്രമേ പാർട്ടി രക്ഷപ്പെടുകയുള്ളുവെന്നും അനിൽ അഭിമുഖത്തില്‍ പറഞ്ഞു. അങ്ങനെയുണ്ടായില്ലെങ്കിൽ പാർട്ടി മരിക്കും. അതുകൊണ്ട് താൻ വിശ്വസിക്കാത്ത ഒരു വ്യവസ്ഥയിൽ നിലനിൽക്കുന്നതിൽ അർഥമില്ലെന്നായിരുന്നു വാക്കുകള്‍. എന്നാല്‍, ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കുന്ന അഭിമുഖം പുറത്തുവന്ന ദിവസം തന്നെ രാമനവമി ആശംസകള്‍ നേരുന്നതായുള്ള അനിലിന്റെ ട്വീറ്റ് ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?