ലോകത്തെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി വാഴ്ത്തപ്പെടുകയാണ് കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍. ലോകോത്തര കലാകാരന്‍മാരടക്കം നിരവധി പേരാണ് വിവിധ വിഭാഗങ്ങളിലായി കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായത്. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി ടി രതീഷ് എന്ന ചിത്രകാരനുമുണ്ട്. നമ്മള്‍ അധികം ആഘോഷിച്ചിട്ടില്ലാത്ത, ചിത്രകലാ ലോകത്ത് ഏറെ ശ്രദ്ധേയനായ മലയാളി ആർട്ടിസ്റ്റ്.
അന്‍സെലം കീഫര്‍, ലിന്‍ഡ ബെംഗ്ലിസ്, സിസിലി ബ്രൗണ്‍, ഫ്രാന്‍സെസ്‌കോ ക്ലെമെന്റ്ന്, റാഖിബ് ഷാ എന്നിങ്ങനെയുള്ള ലോകോത്തര കലാകാരന്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്ന് അഞ്ച് പേരുടെ കലാസൃഷ്ടികളാണ് ഗാലറിയിൽ ഇടംപിടിച്ചത്. അക്കൂട്ടത്തിലെ ഏകമലയാളിയാണ് രതീഷ്. ഭൂപന്‍ ഖഖർ, ഭാരതി ഖേര്‍, ശാന്തിബായ്, രഞ്ജനി ഷെട്ടാര്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് ആർട്ടിസ്റ്റുകള്‍. സ്വന്തം ജീവിതാവസ്ഥകളെ ക്യാൻവാസിലാക്കി തീക്ഷ്ണമായ രാഷ്ട്രീയം പറയുന്ന ചിത്രകാരൻ എന്ന നിലയ്ക്കാണ് രതീഷ് ചിത്രകലാലോകത്ത് കയ്യൊപ്പ് പതിപ്പിക്കുന്നത്. ചിത്രകലയിലെ തന്റെ യാത്രയുടെ കഥ പറയുകയാണ് രതീഷ് ദ ഫോര്‍ത്തിനോട്.
2005 മുതല്‍ താന്‍ വരച്ച ചിത്രങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും പ്രദര്‍ശിപ്പിച്ചുവരുകയാണ് രതീഷ്. ഇപ്പോള്‍ നിതാ അംബാനി കള്‍ച്ചറല്‍ സെന്ററിലെ ആർട്ട് ഹൗസില്‍ നടക്കുന്ന 'സംഘം കോണ്‍ഫ്ളുവെന്‍സ്' എന്ന പ്രദർശനത്തില്‍ രതീഷിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കിളിമാനൂര്‍ സ്വദേശിയായ രതീഷ്, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നാണ് ബിഎഫ്എ പാസായത്.
ചിത്രകലയോട് ചെറുപ്പത്തിൽ വലിയ താത്പര്യമില്ലായിരുന്നു രതീഷിന്. സ്കൂളിലെ കലാപ്രതിഭയ്ക്ക് ഭരതനാട്യമടക്കമുള്ള നൃത്തരൂപങ്ങളോടായിരുന്നു താത്പര്യം. പ്രീഡിഗ്രി കാലത്താണ് വരയോട് കമ്പം തോന്നുന്നത്. കലയോടുള്ള അഭിനിവേശം രതീഷിനെ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെത്തിച്ചു.
2004ൽ ബിരുദ പഠനത്തിന്റെ മൂന്നാം വര്‍ഷം റോയല്‍ ഓവര്‍സീസ് എന്ന സ്‌കോളര്‍ഷിപ്പ് നേടി ഇംഗ്ലണ്ടില്‍ പോയി. ലണ്ടനിലും എഡിന്‍ബര്‍ഗിലുമായി ചിലവഴിച്ച സമയത്ത് നിരവധി ആര്‍ട്ട് ഗ്യാലറികള്‍ സന്ദര്‍ശിച്ചു. അത് കലാജീവിതത്തിലെ നിർണായക വഴിത്തിരിവായി.
രഞ്ജിത് ഹോസ്കോട്ടെ, ജെഫ്രെ ഡെയ്ച്ചര്‍ എന്നിവർ ചേർന്നാണ് നിതാ അംബാനി കള്‍ച്ചറല്‍ സെന്ററിലേക്ക് കലാകാരന്‍മാരെ തിരഞ്ഞെടുത്തത്. രാജ്യത്ത് നിന്ന് അഞ്ച് പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്, അതിലൊരാളാണ് ഞാന്‍. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് അവര്‍ തിരഞ്ഞെടുത്തത്. നാല് വര്‍ഷം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ പത്ത് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. അത്ഭുതത്തോടെയും ആദരവോടെയും നോക്കി കണ്ടിട്ടുള്ള അന്‍സെലം കീഫറിനെ പോലുള്ള ചിത്രകാരന്‍മാരോടൊപ്പം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് സന്തോഷം- രതീഷ് പറഞ്ഞു.
എന്റെ ചിത്രങ്ങളെപ്പോഴും എന്നിലേയ്ക്ക് ചുരുങ്ങിയ വലിയ ക്യാന്‍വാസുകളാണ്. എന്റെ തന്നെ ജീവിത രീതികളെ ചിത്രീകരിക്കുന്ന വിധത്തിലാണ് ഞാന്‍ ക്യാന്‍വാസുകള്‍ തീര്‍ക്കാറുള്ളത്. ഒരു ഘട്ടം വരെ ഭാവനകളില്‍ ഉരുത്തിരിയുന്ന കാര്യങ്ങളെയായിരുന്നു ചിത്രങ്ങളായി രൂപപ്പെടുത്തിയിരുന്നത്. ചിത്രം വരയില്‍ ഭാവന മാത്രമാകുമ്പോള്‍ നമ്മള്‍ കണ്ടിട്ടുള്ള ചിത്രകാരന്‍മാരുടെ രീതികളുടെ ഒരു അംശം നമ്മുടെ ചിത്രങ്ങളിലേയ്ക്കും എത്തിയെന്നുവരാം. അത്തരത്തിലുള്ള സാധ്യത എങ്ങനെ ഒഴിവാക്കാം എന്നതില്‍ നിന്നാണ് സ്വന്തം അനുഭവങ്ങളില്‍ നിന്നുതന്നെ ക്യാന്‍വാസുകള്‍ തീര്‍ക്കാം എന്നൊരു ആലോചന ഉരുത്തിരിയുന്നത്.
ജീവിതം, ജീവിത രീതികള്‍, എന്നിങ്ങനെ എന്റെ ജീവിതത്തെ ഞാന്‍ തന്നെ നോക്കിക്കാണുന്ന രീതിയിലാണ് രചന. അത്തരം അനുഭവങ്ങളിലൂടെ പലപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും.
പ്രകൃതിയെയും മറ്റ് വസ്തുക്കളെയുമൊക്കെ ഭാവനയില്‍ കണ്ടുള്ള ചിത്രങ്ങളാണ് ആദ്യം വരച്ചിരുന്നത്. എന്നാല്‍ പിന്നീട് അതൊക്കെ വിട്ട് സ്വന്തം അനുഭവങ്ങളെ ചിത്രമാക്കി മാറ്റാൻ തുടങ്ങി. കുടുംബം പോലെ എന്നെ ചുറ്റിപ്പറ്റിയുള്ള ചെറിയ ലോകത്തേയ്ക്ക് എന്റെ ചിത്രങ്ങള്‍ എത്തി. എന്റെ മോളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ അമേരിക്കയിലെ ഡർഹാമിലുള്ള നാഷര്‍ മ്യൂസിയമാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇന്നിപ്പോള്‍ വെറുതെ കിടക്കുന്ന സാധനങ്ങളില്‍ പോലും ഞാന്‍ പുതിയൊരു ക്യാന്‍വാസ് കാണുന്നു
ഈ രീതിയിലുള്ള ചിത്രീകരണം ഒരു മാജിക്കാണ്. ജാതി വ്യവസ്ഥിതിയ്‌ക്കെതിരായും, വര്‍ണവെറിക്കെതിരായുമുള്ള രാഷ്ട്രീയം പലകോണുകളില്‍ എന്റെ ചിത്രങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍ അത് സ്വാഭാവികമായി ഉരുത്തിരിയുന്നതാണ്. എന്റെ ചിത്രങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയം സംസാരിക്കണമെന്ന് ഉദ്ദേശിച്ചല്ല ഒരു ചിത്രവും വരയ്ക്കുന്നത്. ബ്ലാക് ഒബ്ജക്ട്‌സ് എന്ന എന്റെ ഒരു സിരീസുണ്ട്. അരികുവത്കരിക്കപ്പെടുന്ന ആളുകള്‍ ഉപയോഗിച്ചു വന്നിരുന്ന പഴയ ഉത്പന്നങ്ങളുടെ ചിത്രങ്ങളാണ് ഈ സിരീസില്‍ ഞാന്‍ വരച്ചത്. അത്‌പോലെ തന്നെയാണ് കെയര്‍ലെസ് ഒബ്ജക്ട്‌സ് എന്ന സിരീസ്. ചിട്ടയില്ലാതെ കിടക്കുന്ന വസ്തുക്കളുടെ ചിത്രങ്ങളുടെ സീരിസാണ് ഇത്.
ലോക പ്രശസ്ത ചിത്രകാരന്‍ ജെഫ് കൂണ്‍സുമായി സംസാരിക്കാന്‍ സാധിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. എന്റെ ചിത്രം കണ്ട് എന്നെ നോക്കി വലിയൊരു ചിരിയാണ് അദ്ദേഹം തന്നത്. ലോകത്തുള്ള എല്ലാ കലാകാരന്‍മാരെയും നിരന്തരം കാണുകയും സംവദിക്കുകയും ചെയ്യുന്ന വലിയ കലാകാരന്‍ എന്റെ മുന്നില്‍ നില്‍ക്കുകയും, ചിത്രം കണ്ട് വലിയൊരു ചിരി സമ്മാനിക്കുകയും ചെയ്തു. പിന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. എന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. ക്ലെമന്റെയെ പോലുള്ള പ്രതിഭക്ക് ഒപ്പം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു.
ഞാനും മോളും കൂടിയുള്ള 'കിസ്' എന്ന ഒരു ചിത്രമുണ്ട് ഇക്കൂട്ടത്തില്‍. ദൂരയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന എന്നെ അവള്‍ ഉമ്മ വയ്ക്കുന്നതാണ് ചിത്രം. അമ്മയ്ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന മറ്റൊരു ചിത്രവുമുണ്ട്. ക്ലീനിങ് പോണ്ട് എന്ന ചിത്രവും പ്രിയപ്പെട്ടതാണ്. രണ്ട് വ്യക്തികളെ തമ്മില്‍ കൂട്ടിയിണക്കുന്നത് വികാരങ്ങളാണ്, ആ വികാരങ്ങളാണ് എന്റെ ചിത്രങ്ങളിലൂടെ ഞാന്‍ മുന്നോട്ട് വയ്ക്കുന്നത്.
രാജ്യത്തിന് പുറത്ത് നിരവധി ആര്‍ട്ട് ഗ്യാലറികളില്‍ രതീഷിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ല്‍ ലണ്ടനിലെ ജെര്‍വുഡ് സ്‌പേസില്‍ ആര്‍ഒഎസ്എല്‍ ആര്‍ട്‌സ് സ്‌കോളർഷിപ്പ് എക്‌സിബിഷനിലാണ് രതീഷിന്റെ ചിത്രങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്. പിന്നീട് യൂറോപ്പ്, ജപ്പാന്‍ , ഉത്തരകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ രതീഷിന്റെ ചിത്രങ്ങളെത്തി. ഫുക്കുവോക്ക ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയം- ജപ്പാന്‍, അമേരിക്കയിലെ ഡർഹാമിലുള്ള നാഷണൽ മ്യൂസിയം ഓഫ് ആര്‍ട്ട്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്- ന്യൂഡല്‍ഹി, സുസ്‌യം ആര്‍ട്ട് സെന്റര്‍, റിഗ- ലാത്വിയ എന്നീ മ്യൂസിയങ്ങളില്‍ രതീഷിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.