KERALA

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മനസിലായെന്ന് തരൂർ; തരൂരിനെ വാഴ്ത്തി സുകുമാരന്‍ നായർ

ശശി തരൂരിനെ മന്നം ജയന്തിക്ക് ക്ഷണിച്ചത് 'ഡൽഹി നായരെ'ന്ന് പണ്ട് വിളിച്ച തെറ്റുതിരുത്താനെന്ന് സുകുമാരൻ നായർ

വെബ് ഡെസ്ക്

മന്നം ജയന്തി പൊതുസമ്മേളനത്തില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ എംപി. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്നം പറഞ്ഞിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂർ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 146ാമത് ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ആരുടെയും പേരെടുത്ത് പറയാതെയുള്ള തരൂരിന്റെ പരാമർശം. മുൻപും പെരുന്നയിൽ വന്നിട്ടുണ്ടെങ്കിലും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും ശശി തരൂർ പ്രതികരിച്ചു. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ചടങ്ങില്‍ തരൂരിനെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തുവന്നു. ശശി തരൂരിനെ മന്നം ജയന്തിക്ക് ക്ഷണിച്ചത് ;ഡൽഹി നായരെ'ന്ന് പണ്ട് വിളിച്ച തെറ്റുതിരുത്താനെന്ന് സുകുമാരൻ നായർ പറഞ്ഞു. തരൂർ ഡൽഹി നായരല്ല, കേരള പുത്രനും വിശ്വപൗരനുമാണ്. ഈ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തരൂരോളം യോഗ്യതയുള്ള മറ്റൊരാളില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

കോൺഗ്രസിൽ ചേർന്നശേഷം ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ 'ഡൽഹി നായർ' പരാമർശം. തരൂരിനെ സ്ഥാനാർഥിയാക്കിയത് നായർ ക്വാട്ടയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചിരുന്നു.

2013ല്‍ എ കെ ആന്‍റണിയെ മന്നം ജയന്തി സമ്മേളനത്തിന്‍റെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ സമ്മേളനത്തിലേക്ക് എന്‍എസ്എസ് ക്ഷണിക്കുന്നത്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്. രണ്ട് മാസം മുൻപ് വി ഡി സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതെ എൻഎസ്എസ് ശശി തരൂരിനെ ഉദ്ഘാടകനായി ക്ഷണിച്ചത് ശ്രദ്ധേയമാണ്.

മത, സാമുദായിക നേതാക്കന്മാരുടെ തിണ്ണ നിരങ്ങുന്ന സമ്പ്രദായമില്ലെന്ന് വി ഡി സതീശൻ പറഞ്ഞെന്നായിരുന്നു സുകുമാരന്‍ നായരുടെ ആരോപണം. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ഥിച്ച ആളാണ് സതീശന്‍. പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നാണ് കരുതിയത്. എന്നാല്‍, ജയിച്ച ശേഷം എന്‍എസ്എസിനെ തള്ളിപ്പറഞ്ഞെന്നും സുകുമാരന്‍ നായർ ആരോപിച്ചിരുന്നു.

അതേസമയം തരൂരിനെ സുകുമാരന്‍ നായർ പ്രശംസിച്ചതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ആര് പ്രശംസിച്ചാലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം