ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഓൺലൈനായാണ് യോഗം ചേരുക. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തില്‍ സഭാ സമ്മേളനം പിരിയുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു.
പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 13-ന് അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സർക്കാർ ആലോചന.
ഈ മാസം 23നോ 24നോ സമ്മേളനം ആരംഭിച്ച് ഫെബ്രുവരി ആദ്യവാരം ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചന. രണ്ടാഴ്ച മുന്‍പ് നടന്ന മന്ത്രിസഭാ യോഗത്തിൽ ഗവർണർ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ ചുമതലപ്പെടുത്തിയിരുന്നു.