KERALA

കടുംപിടുത്തം വിട്ട് സീറോ-മലബാര്‍ സഭാ സിനഡും എറണാകുളം- അങ്കമാലി അതിരൂപതയും; ജനാഭിമുഖ കുര്‍ബാന തുടരും, മഹറോന്‍ ഉണ്ടാവില്ല

രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകളിലാണ് സമവായം രൂപപ്പെട്ടത്

അനിൽ ജോർജ്

നീണ്ട പ്രതിസന്ധികള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സീറോ- മലബാര്‍ സഭയില്‍ കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകളിലാണ് സമവായം രൂപപ്പെട്ടത്.

സമവായം ഇങ്ങനെ

  • ജൂണ്‍ ആറിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ ഫ്രീസ് ചെയ്യും.

  • ഞായറാഴ്ച ഒരു കുര്‍ബാന മാത്രം ഏകീകൃത രീതിയില്‍ ഇടവക വികാരിയുടെ സൗകര്യം പോലെ നടത്തും. ഇത് ജൂലൈ 3 മുതല്‍ നടപ്പാക്കും.

  • എല്ലാ അച്ചടക്ക നടപടികളും മരവിപ്പിക്കും.

  • രൂപത വിഭജിക്കില്ല.

തീരുമാനങ്ങള്‍ രാത്രിതന്നെ വത്തിക്കാന്‍ കാര്യാലയങ്ങളെ അറിയിച്ചു. വത്തിക്കാന്‍ അംഗീകരിച്ചാല്‍ ഇന്നുതന്നെ മൗണ്ട് സെന്റ് തോമസില്‍ നിന്ന് പുതിയ സര്‍ക്കുലര്‍ ഇറങ്ങും.

ബിഷപ്പുമാരായ പുത്തൂര്‍ ബോസ്‌കോ ചക്യാത്ത്, തോമസ് ചിറ്റൂപറമ്പില്‍, ജോസ് എടയന്ത്രത്ത് സെബാസ്റ്റ്യന്‍, ആര്‍ച്ച് ബിഷപ്പ് ഭരണികുളങ്ങര കുര്യാക്കോസ് എന്നിവര്‍ എറണാകുളം - അങ്കമാലി അതിരൂപതയുടെ ആലോചനാ സമിതി, കൂരിയ എന്നിവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായം ഉണ്ടായത്. എറണാകുളം - അങ്കമാലി അതിരൂപതക്കാരായ മറ്റ് രണ്ട് മെത്രാന്‍മാരില്‍ പുത്തന്‍വീട്ടില്‍ ജോസ് ചര്‍ച്ചകളില്‍ ഇടപെട്ടില്ല. നരികുളം എഫ്രേം യാത്രയിലായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

ഇതോടെ സീറോ മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാന തുടരും എന്നുറപ്പായി. ഒറ്റക്കെട്ടായിനിന്ന് മാര്‍പ്പാപ്പയെ പോലും വെല്ലുവിളിച്ചാണ് എറണാകുളം അതിരൂപത കുര്‍ബാന അര്‍പ്പണരീതി നിലനിര്‍ത്തിയത്. കുര്‍ബാന തര്‍ക്കത്തില്‍ തട്ടി വീണത് ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പിന് പുറമെ മൂന്ന് മെത്രാന്‍മാരും രണ്ട് മെത്രാപോലിത്തമാരും അടക്കം ആറ് പേരാണ്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ്മാരായ താഴത്ത് ആന്‍ഡ്രൂസ്, കരിയില്‍ ആന്റണി, ബിഷപ്പുമാരായ മനന്തോടത്ത് ജേക്കബ്, അടയന്ത്രത്ത് സെബാസ്റ്റ്യന്‍, പുത്തന്‍ വീട്ടില്‍ ജോസ് എന്നിവര്‍ക്ക് കൈ പൊള്ളിയ ഇടത്താണ് അതിരൂപതയിലെ അംഗങ്ങളായ മെത്രാന്‍മാരെ കളത്തിലിറക്കി വിഭജനത്തിന്റെ വക്കില്‍നിന്ന് സമവായത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് തട്ടില്‍ റാഫേലിനും അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ പുത്തൂര്‍ ബോസ്‌കോക്കും കഴിഞ്ഞത്.

നിയമ വിരുദ്ധം എന്ന് വത്തിക്കാന്‍ പല തവണ പറഞ്ഞ ജനാഭിമുഖ കുര്‍ബാന പിന്‍വാതിലൂടെ നിയമപരമാകുമ്പോള്‍ ഏകീകരണത്തിന്റെ പേരില്‍ നഷ്ടപ്പെട്ടത് സീറോ മലബാര്‍ സഭയുടെ തനത് കുര്‍ബാന ക്രമമായിരുന്ന സമ്പൂര്‍ണ അള്‍ത്താരാഭിമുഖ കുര്‍ബാന ക്രമമാണ്. എറണാകുളത്തിന്റെ ചുവട് പിടിച്ച് ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള മുറവിളി മറ്റ് രൂപതകളില്‍ ആരംഭിച്ചിട്ടുണ്ട്.

താമരശ്ശേരി, മാനന്തവാടി, ഇരിഞ്ഞാലക്കുട, പാലക്കാട് രൂപതകളില്‍ ഈ ആവശ്യം ശക്തമാണ്. ഈ രൂപതകളിലും വരും ദിവസങ്ങളില്‍ പ്രതിഷേധം ഉയരും.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി