ആരിഫ് മുഹമ്മദ് ഖാൻ-പദവിയേറ്റ ശേഷം സർക്കാരിനെ പലതവണ മുൾമുനയിൽ നിർത്തിയ സംസ്ഥാനത്തെ പ്രഥമ പൗരൻ. ഗവർണറായി എത്തിയ ശേഷം അദ്ദേഹം എടുത്ത നിലപാടുകളും പിന്നാലെ വന്ന രാഷ്ട്രീയ വിവാദങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. തുടർച്ചയായ വെല്ലുവിളികളും തർക്കങ്ങളും കൊണ്ട് വാർത്തകളില്‍ നിറയുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭൂതകാലവും ചർച്ചയാവുകയാണ്.ആരാണ് ആരിഫ് മുഹമ്മദ് ഖാന്‍ ?
ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ ജാമിയാ മിലിയായിലും അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കി. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 26ാമത്തെ വയസ്സിൽ അദ്ദേഹം യു.പി നിയമസഭയിലെത്തി. എന്നാൽ 1980 ൽ ഭാരതീയ ക്രാന്തി ദൾ വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ആരിഫ് അതേവർഷം കാണ്‍പൂരില്‍നിന്നും,1984ല്‍ ബറൈച്ചില്‍ നിന്നും ലോക്‌സഭയിലെത്തി. പാർലമെന്റിൽ ഏറെക്കാലം കോൺഗ്രസിന്റെ ശബ്ദമായിരുന്ന ഖാൻ ഷാബാനു ബീഗം കേസിലെ നിലപാടിൽ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് പാർട്ടി വിടുന്നത്.
1986 ൽ ഷാബാനു കേസിലെ സുപ്രീംകോടതി വിധി പ്രകാരം വിവാഹമോചിതരാകുന്ന മുസ്‌ലിം യുവതികൾക്ക് ജീവനാംശത്തിനുള്ള അവകാശം ലഭിച്ചു.വിധിക്കെതിരെ പ്രതിഷേധവുമായി രാജ്യത്തെ മുസ്‌ലിം സംഘടനകൾ ഒന്നടങ്കം അണിനിരന്നു. ലോക്സഭയിൽ തികഞ്ഞ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും രാജ്യത്തെ ന്യൂനപക്ഷത്തെ ചേർത്തു നിർത്തുന്നതിനായി പ്രധാനമന്ത്രി രാജീവ് ഗാന്ധി കോടതി വിധിയെ അട്ടിമറിച്ചു കൊണ്ട് 'മുസ്‌ലിം പേഴ്സണൽ ലോ ബിൽ' കൊണ്ടു വന്നു. എന്നാൽ ഇതിനെതിരെ കോൺഗ്രസിലെ മുസ്‌ലിം അംഗങ്ങളിൽ ഒരാൾ പോലും എതിരഭിപ്രായം പ്രകടിപ്പിച്ചില്ല. എന്നാൽ ഇസ്‌ലാമിനുള്ളിലെ മൗലികവാദ പ്രവണതകൾക്കെതിരെ എക്കാലവും ശബ്ദമുയർത്തിയിട്ടുള്ള ഖാൻ തന്റെ പുരോഗമനപരമായ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടിയിൽ നിന്നും രാജിവെച്ചു.
കോണ്‍ഗ്രസില്‍നിന്നും പിരിഞ്ഞ അദ്ദേഹം വിപി സിങ്ങിന്റെ ജനതാദളിലെത്തുകയും തുടര്‍ന്ന് ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 1989 ല്‍ വീണ്ടും ലോക്‌സഭയിലെത്തി. ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 1989ലാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്. ഇക്കാലയളവിൽ വ്യോമയാന-ഊർജ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
എന്നാൽ ജനതാദളിലും അദ്ദേഹം ഉറച്ചുനിന്നില്ല. 1998 ല്‍ ജനതാദള്‍ വിട്ട് ബി.എസ്.പിയിൽ എത്തി. ബറൈച്ചില്‍ നിന്ന് മത്സരിച്ച് വീണ്ടും ലോക്‌സഭയില്‍ എത്തി. ഭാരതീയ ക്രാന്തി ദൾ, കോണ്‍ഗ്രസ്, ജനതാദള്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികള്‍ക്ക് ശേഷം അദ്ദേഹം ബി.ജെ.പിയിലാണ് എത്തിയത്. 2004 ലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബി.എസ്.പിയില്‍നിന്നും ബി.ജെ.പിയിലേക്ക് എത്തിയത്. എന്നാൽ ഇത്തവണ കൈസർഗഞ്ചിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ഖാൻ തോൽവി അറിഞ്ഞു. തുടർന്ന് 2007ൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ച ഖാന്‍ സജീവ രാഷ്ട്രീയം വിട്ടു. തുടർന്ന് സൂഫിസവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി മുഴുവൻ സമയവും ചെലവിട്ട ഖാൻ ഭാര്യ രേഷ്മയ്ക്കൊപ്പം സമർപ്പൺ എന്ന സന്നദ്ധസംഘടനയിലും സജീവമായി.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി നേതൃത്വവുമായി ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും അടുത്തു. മുത്തലാഖ് വിരുദ്ധ നിയമം അടക്കമുള്ള നയങ്ങൾക്ക് പിന്തുണ നല്കിപ്പോന്നിട്ടുള്ള നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. മുത്തലാഖ് നൽകി ജീവിതപങ്കാളികളെ ഉപേക്ഷിക്കുന്നവരെ ജയിലിലടക്കണം എന്നായിരുന്നു ഖാന്റെ നിലപാട്.നജ്മാ ഹെപ്തുള്ളയ്ക്ക് ശേഷം ബിജെപി നിയമിക്കുന്ന രണ്ടാമത്തെ മുസ്ലിം ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ.
ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബിജെപിയുടെ നയത്തെ പിന്തുണച്ചുകൊണ്ട് ഖാൻ നടത്തിയ പരാമർശങ്ങളും മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. പല രാജ്യങ്ങളും പലതും പറയുന്നു, ഇതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നാണ് ഖാൻ കാശ്മീർ വിഷയത്തിൽ പ്രതികരിച്ചത്. കശ്മീരിനുള്ള വിശിഷ്ടപദവി കൊണ്ട് അവിടത്തെ പണക്കാർക്കുമാത്രമേ ഗുണമുണ്ടാകുന്നുള്ളൂ എന്നാണ് ഖാൻ അന്ന് പറഞ്ഞത്.
കർണാടക സർവകലാശാലകളിലെ ഹിജാബ് വിവാദത്തിലും ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഏറെ ചർച്ചയായി.ഹിജാബ് വിവാദത്തിന് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢാലോചന ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണമെന്നും ആണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്നും പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നുവെന്നും ഖാൻ ആരോപിച്ചു.
ബിജെപി നേതാവ് നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നായിരുന്നു ഖാൻ പറഞ്ഞത്. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ഗവർണറായി ചുമതലയേറ്റ ശേഷം അദ്ദേഹമെടുത്ത നിലപാടുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചർച്ചകള്‍ക്കിടയാക്കി. ബിജെപിയുടെ ചട്ടുകമാണ് ഗവർണറെന്ന ആരോപണം എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ഉന്നയിച്ചു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്ന അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നും വിസി നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവരുന്നത് ബന്ധുനിയമനം എളുപ്പമാക്കാനാണെന്നുമായിരുന്നു ഖാന്റെ ആരോപണം.
സർക്കാർ അയച്ച 11 ഓർഡിനൻസുകളിലും ഒപ്പിടാതെ ഉടക്കി നിന്ന ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിച്ചാണ് എപ്പോഴും സർക്കാർ മുന്നോട്ട് പോയത്. കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ച് പാനലിന്റെ നിയമനത്തിലൂടെ വീണ്ടും ഗവർണർ സർക്കാരുമായി അകലാനിടയായി. ഇതിനിടെയാണ് വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരാനുള്ള നിയമ ഭേദഗതി കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിച്ചത്. ഇതോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് തുനിഞ്ഞിറങ്ങിയത്.