നീതിനിഷേധത്തിനെതിരായ പോരാട്ടത്തിൽ തനിക്കൊപ്പമുളള കേരളത്തിലെ നല്ലവരായ ജനങ്ങളോട് നന്ദി പറഞ്ഞ് പിഡിപി ചെയർമാൻ അബ്ദു നാസർ മഅദനി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിതത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
''ഒരു വർഷം കൊണ്ട് വിധി പറയാവുന്ന കേസ് പതിനാലാം വർഷത്തിലേക്ക് കടക്കുന്നു. ഇനിയും വർഷങ്ങൾ എടുത്തേക്കും. ദിവസം അരമണിക്കൂറോ ഒരു മണിക്കൂറോ മാത്രമാണ് വാദം നടക്കുന്നത്. ചുമത്തിയത് കള്ളക്കേസാണെന്ന് എനിക്കും കേരള സമൂഹത്തിനും അറിയാം. ഇതുപോലെ നിരവധി പേർക്കെതിരെ കള്ളക്കേസ് ചുമത്തപ്പെട്ടിട്ടുണ്ട്.''- മഅദനി പറഞ്ഞു. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പറഞ്ഞ മഅദനി, കർണാടകയിൽ മാറി വന്ന സർക്കാരിൽ നിന്നു സഹായമൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ മുന്‍ സര്‍ക്കാരിനെപ്പോലെ തന്നെ ദ്രോഹിച്ചില്ലെന്നും വ്യക്തമാക്കി. വൈകിട്ട് 6.15നുള്ള ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരുവിൽനിന്നു പുറപ്പെട്ട മഅദനി 7.20 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എയർപോർട്ടിന് പുറത്ത് മാരിയറ്റ് കോർട്ട്യാർഡിൽ വച്ചാണ് മാധ്യമങ്ങള കണ്ടത്.
പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവരാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. കർണാടക കേരള പോലീസും ഡോക്ടർമാരുടെ സംഘവും അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരിയിൽ എത്തിയ അദ്ദേഹത്തെ പിഡിപി കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ ആംബുലൻസിൽ മദനി കൊല്ലം അൻവാർശ്ശേരിയിലേക്ക് തിരിച്ചു.
2008ലെ ബാംഗ്ലൂർ സ്ഫോടനകേസുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നാം പ്രതിയായ മഅദനി 2014ൽ ആയിരുന്നു ജാമ്യം കിട്ടി ജയിൽ മോചിതനായത്. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഅദനി കേരത്തിലെത്തുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്റെ വിവാഹത്തിനാണ് അദ്ദേഹം അവസാനം നാട്ടിലെത്തിയത്.