ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. വൈകിട്ട് ബെംഗളൂരുവില്‍ നിന്നും വ്യോമമാര്‍ഗമാണ് മഅദനി കൊച്ചിയിലെത്തുക. രാത്രി എട്ട് മണിയോടെ അദ്ദേഹം കേരളത്തിലെത്തും.
ഒരു മനുഷ്യനെ പതിറ്റാണ്ടുകളോളം വിചാരണ തടവുകാനായി കഴിയേണ്ടിവരുന്നത് രാജ്യത്തിന്റെ നീതി ന്യായ വ്യവസ്ഥയ്ക്ക് അപമാനമാണെന്ന് മഅദനി കേരളത്തിലേക്ക് തിരിക്കും മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇന്ത്യയില്‍ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി ഇരിക്കേണ്ടി വന്നവരില്‍ ഒരാളാണ് ഞാന്‍. ഒരു മനുഷ്യനെ പതിറ്റാണ്ടുകളോളം വിചാരണ തടവുകാനായി വച്ചിട്ട് അയാള്‍ ജീവച്ഛവം ആയി കഴിയുമ്പോള്‍ നിരപരിധിയാണെന്ന് പറയുന്നത് രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് അപമാനകരമാണ്. ഒരു വിചാരണ തടവുകാരനും ഈ ഗതി ഉണ്ടാവരുത്. കെട്ടിച്ചമച്ച കേസായത് കൊണ്ടാണ് എനിക്ക് ഈ ഗതി വന്നത്'. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ ജൂലൈ ഏഴുവരെ തങ്ങുന്നതിന് 6 .76 ലക്ഷം രൂപയാണ് മഅദനി സുരക്ഷാ ബോണ്ടായി കര്‍ണാടക പോലീസില്‍ കെട്ടിവച്ചത്. ജൂലൈ ഏഴ് വരെ കേരളത്തില്‍ കഴിയുന്ന മദനിക്ക് 12 പോലീസുകാരാണ് സുരക്ഷ ഒരുക്കുക. ഇതിനുള്ള ചെലവാണ് കെട്ടിവച്ച തുക. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ മഅദനിയെ വിമാനത്തില്‍ അനുഗമിക്കും. ബാക്കി പോലീസ് സംഘം റോഡ് മാര്‍ഗം കേരളത്തിലേക്ക് പുറപ്പെട്ടു. മഅദനിക്കൊപ്പം കുടുംബവും വിമാനത്തില്‍ യാത്ര തിരിക്കുന്നുണ്ട്. കേരളത്തില്‍ മഅദനി പോകുന്ന ഇടങ്ങളെല്ലാം പോലീസ് നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ജൂലൈ ഏഴ് വരെ കേരളത്തില്‍ കഴിയുന്ന മദനിക്ക് 12 പോലീസുകാരാണ് സുരക്ഷ ഒരുക്കുക
കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത് . എന്നാല്‍ 62 ലക്ഷം രൂപ സുരക്ഷാ ബോണ്ടായി കെട്ടി വയ്ക്കണമെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടതോടെ മഅദനി യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സുരക്ഷാ ബോണ്ടിന്റെ കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനിയുമായി ബന്ധപ്പെട്ടവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു.
അനാരോഗ്യവും പിതാവിന്റെ രോഗാവസ്ഥയും ചൂണ്ടിക്കാട്ടിയായിരുന്നു അബ്ദുല്‍ നാസര്‍ മദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയത്. 2008ലെ ബെംഗളൂരു സ്‌ഫോടന കേസിലെ 31-ാം പ്രതിയാണ് മഅദനി.