ലോക്സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടന്ന വടകരയില്‍ വിവാദങ്ങളുടെ അലയൊലികള്‍ തുടരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ കെ ശൈലജയെ അപമാനിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയെന്ന വിവാദത്തിന് വോട്ടെടുപ്പ് കഴിഞ്ഞിട്ടും അവസാനമില്ല. ആര്‍ എം പി നേതാവ് കെ എസ് ഹരികുമാറിന്റെ പ്രസംഗമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെട്ടിയത്. വടകരയിലെ സിപിഎം സ്ഥാനാര്‍ഥി കെ കെ ശൈലജയെയും നടി മഞ്ജുവാരിയരെയും ലൈംഗികമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ശനിയാഴ്ച ഹരിഹരന്റെ പ്രസ്താവന.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ എംഎല്‍എ, കൽപ്പറ്റ എം എൽ എ ടി സിദ്ധീഖ് തുടങ്ങിയ നേതാക്കളെ വേദിയിലിരുത്തിയായിരുന്നു ഹരിഹരന്റെ പരാമർശം. പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമാണ്. നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനയായ ഡി വൈ എഫ് ഐയും രംഗത്തുണ്ട്.
അതേസമയം, ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ പ്രസ്താവനയെ തള്ളി കെ കെ രമയും പാര്‍ട്ടിയും രംഗത്തെത്തി. ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. തെറ്റു മനസ്സിലാക്കി മാപ്പുപറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനു പ്രസക്തിയില്ലെന്നും കെ കെ രമ ചൂണ്ടിക്കാട്ടി. ഹരിഹരന്റെ പരാമർശം ഒരു കാരണവശാലും അംഗീകരിക്കുകയില്ല, ന്യായീകരിക്കുകയുമില്ല എന്ന് കെ കെ രമ പറഞ്ഞെങ്കിലും കാര്യങ്ങൾ അത്രവേഗം രാഷ്ട്രീയ കേരളത്തിന്റെ ചർച്ചാവേദികളിൽനിന്ന് മാറുമോ എന്നത് സംശയമാണ്.
രമയും ആർഎംപിയും സ്വീകരിച്ച നിലപാടിനെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ സ്വാഗതം ചെയ്തു. ഹരിഹരന്റെ വാക്കുകള്‍ ന്യായികരിക്കാന്‍ കഴിയുന്നതല്ലെന്നും ഷാഫി വ്യക്തമാക്കി. "മറ്റ് സംഭവങ്ങള്‍ വെച്ച് ഇത് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കില്ല. സംഭവിച്ചത് തെറ്റായ കാര്യമാണ്. പ്രസംഗത്തില്‍ മാത്രമല്ല ഒരു സ്വകാര്യസംഭാഷണത്തില്‍പ്പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്," ഷാഫി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിഷേധം കനത്തതോടെ ഹരിഹരന്‍ ഫേസ്ബുക്കില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് ഹരിഹരന്റെ കുറിപ്പ്. എന്നാല്‍ വിഷയത്തില്‍ ആർഎംപി എന്തെങ്കിലും നടപടിയെടുക്കുമോ എന്നും വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ കൊടുമ്പിരി കൊണ്ടിരിക്കെയാണ് മുൻ ആരോഗ്യ മന്ത്രി കൂടിയായ കെ കെ ശൈലജയെ കരിവാരിത്തേയ്ക്കാൻ അശ്‌ളീല വീഡിയോ എതിർവിഭാഗം ചമച്ചെടുത്തുവെന്ന ആരോപണം ഉയർന്നു വരുന്നത്. വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് അശ്‌ളീല വിഡിയോകൾ പ്രചരിപ്പിക്കുന്നത് എന്നും രാഷ്രീയ പ്രതിയോഗികൾ പറഞ്ഞു. ഒടുവിൽ വോട്ടെടുപ്പിന് രണ്ടുദിവസം മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ, അങ്ങനെയൊരു വീഡിയോ ഇല്ലെന്നും ഫോട്ടോയാണ് പ്രചരിപ്പിച്ചതെന്നും ശൈലജ നേരിട്ടെത്തി വിശദീകരിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. യു ഡി എഫ് ഇത് പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.
ഇത്രയും വലിയ വിവാദങ്ങൾ 'അശ്‌ളീല വീഡിയോ'യുമായി ബന്ധപ്പെട്ട് വടകരയിൽ നടന്നിരിക്കെയാണ് കെ എസ് ഹരിഹരന്റെ പരാമർശം. സ്ത്രീവിരുദ്ധ പരാമർശം നാക്കുപിഴയാണെന്നാണ് ഹരിഹരന്റെ വിശദീകരണം. സമൂഹമാധ്യമങ്ങളിലൂടെ മാപ്പും പറഞ്ഞു. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം, അതും ആർ എം പി നേതാവിൽനിന്ന് ഉണ്ടായത് അത്രവേഗം കെട്ടടങ്ങാൻ സാധ്യതയില്ല.